ന്യൂഡല്‍ഹി: ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ ആന്റണി. കോണ്‍ഗ്രസ് ഒരു കുടുംബത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അനില്‍ വിമര്‍ശിച്ചു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാജ്യതാത്പര്യങ്ങള്‍ക്ക് ഉപരിയായി ചില വ്യക്തികളുടെ താത്പര്യങ്ങളാണ് സംരക്ഷിക്കുന്ന്. അത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടരാന്‍ താത്പര്യമില്ല. ഒരുപാട് ആലോചിച്ചശേഷമാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും അനില്‍ പ്രതികരിച്ചു.
ബിജെപി രാജ്യതാത്പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ്. എല്ലാവര്ക്കും സാമൂഹിക-സാമ്പത്തിക പുരോഗതി ലഭിക്കാനുള്ള പദ്ധതികള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്.
സാധാരണ പ്രവര്‍ത്തകനായി ബിജെപിയില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യം. സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല പാര്‍ട്ടിയിലേക്ക് വന്നത്.
ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ അത്തരമൊരു തീരുമാനമെടുത്തത് കോണ്‍ഗ്രസ് നിലപാട് രാജ്യതാത്പര്യത്തിനെതിരാണെന്ന് തോന്നിയതുകൊണ്ടാണെന്നും അനില്‍ പറഞ്ഞു.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബിജെപി ആസ്ഥാനത്തുവച്ചാണ് അനില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപിയില്‍ ചേരുന്നതിന് മുമ്പായി കോണ്‍ഗ്രസ് അംഗത്വം രാജിവച്ചിരുന്നു.



