ന്യൂയോർക്ക്: നിർമിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സമൂഹത്തിന് അപകടകരമായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ശാസ്ത്ര സാങ്കേതിക ഉപദേശക സമിതിയുടെ യോഗത്തിലാണ് ബൈഡൻ ആശങ്ക പങ്കുവച്ചത്.
തങ്ങളുടെ ഉത്പന്നങ്ങൾ പുറത്തിറക്കും മുമ്പ് അവ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ സാങ്കേതിക കമ്പനികൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് ബൈഡൻ പറഞ്ഞു. നിർമിത ബുദ്ധി അപകടകരമാണോ എന്ന ചോദ്യത്തിന്, അത് കണ്ടറിയണം, പക്ഷേ അതിന് സാധ്യതയുണ്ടെന്നും ബൈഡൻ പറഞ്ഞു.
രോഗം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ എഐ സഹായിക്കുമെന്ന് ബൈഡൻ പറഞ്ഞു. എന്നാൽ സമൂഹത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ദേശീയ സുരക്ഷയ്ക്കും അത് മൂലമുണ്ടാകുന്ന അപകടസാധ്യതകൾ ആ സാങ്കേതികവിദ്യയുടെ ഡെവലപ്പർമാർ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എഐയെ എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ചുള്ള വർധിച്ചുവരുന്ന ചർച്ചകൾക്കിടയിലാണ് ബൈഡന്റെ പരാമർശം. സുരക്ഷാ സംവിധാനങ്ങൾ വരുന്നതുവരെ സാങ്കേതികവിദ്യയുടെ വികസനം താൽക്കാലികമായി നിർത്തണമെന്ന് പല പ്രമുഖരും ആവശ്യപ്പെടുന്നുണ്ട്.



