തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ചു പോൺ താരത്തിനു പണം നൽകിയ കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാൻഹാട്ടൻ ക്രിമിനൽ കോടതിയിൽ ഹാജരായി കീഴടങ്ങി. കനത്ത സുരക്ഷാ സംവിധാനങ്ങൾക്ക് നടുവിലൂടെ ആയിരുന്നു ഫിഫ്ത് അവന്യൂ വിലെ ട്രംപ്വീ ടവറിൽ നിന്ന് 6 മൈൽ ദൂരം സഞ്ചരിച്ച് അദ്ദേഹം കോടതിയിൽ എത്തിയത്. 8 വാഹനങ്ങൾ ട്രംപിന് അകമ്പടി സേവിച്ചു. മൻഹാട്ടൻ ഡിസ്ട്രിക്ട് അറ്റോണി ഓഫീസിൽ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തു നടപടി ക്രമങ്ങൾ ആരംഭിച്ചു. ഇതോടെ അറസ്റ്റിൽ ആകുന്ന ആദ്യ യുഎസ് മുൻ പ്രസിഡന്റ് എന്ന അപഖ്യാതിയും ട്രമ്പിനായി.
കോടതിയുടെ കുറ്റാരോപണം ‘അയഥാർഥ്യം ‘ എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം ജഡ്ജിയുടെ മുന്നിലേക്ക് പോയത്. ‘വൗ … അമേരിക്കയിൽ ആണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. MAGA’ എന്ന് സ്വന്തം പ്ലാറ്റഫോം ആയ ട്രൂത്ത് സോഷ്യലിൽ അദ്ദേഹം കുറിച്ചു. അതേസമയം പ്രസിഡന്റ് ജോ ബൈഡൻ മറ്റു തിരക്കുകളിൽ ആണെന്നാണ് വൈറ്റ് ഹൗസ് ഇതേക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചത്.
കോടതിയിൽ പ്രവേശിക്കുന്നതിനു മുൻപു പതിവു നടപടിക്രമങ്ങളുടെ ഭാഗമായി ട്രംപിന്റെ വിരലടയാളവും മുഖത്തിന്റെ ചിത്രവും എടുക്കും എന്നാണു പ്രതീക്ഷിക്കുന്നത്. എന്നാൽ, വിലങ്ങുവയ്ക്കില്ലെന്നു കോടതി ഉറപ്പുകൊടുത്തിട്ടുണ്ടെന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ ജോ ടകോപിന നേരത്തെ വ്യക്തമാക്കിയിരുന്നു.
കോടതിയിൽ ട്രംപിനെ കോടതിയില്‍ കുറ്റപത്രം വായിച്ചു കേൾപ്പിക്കും. മുൻപ് ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ടെങ്കിലും കോടതിയിൽ ട്രംപ് കുറ്റസമ്മതം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ട്രംപ് അനുകൂലികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോടതി പരിസരത്തും ന്യൂയോർക്ക് സിറ്റിയിലെ ട്രംപ് ടവറിനു മുന്നിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. 36,000 പൊലീസുകാരെയാണ് സുരക്ഷാ ചുമതലകൾക്കായി നിയോഗിച്ചിരിക്കുന്നത്.
ക്രിമിനൽ കേസിൽ പ്രതിയാകുന്ന ആദ്യ മുൻ യുഎസ് പ്രസിഡന്റാണ് ഡോണൾഡ് ട്രംപ്. 2016 ലെ യുഎസ് തിരഞ്ഞെടുപ്പു സമയത്ത്, ബന്ധം പുറത്തു പറയാതിരിക്കാനായി പോൺ താരം സ്റ്റോമി ഡാനിയൽസിനു പണം നൽകിയെന്നതാണ് കേസ്. 1.30 ലക്ഷം യുഎസ് ഡോളര്‍ നല്‍കിയത് ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്. 2006 ൽ താനും ട്രംപും ശാരീരികബന്ധത്തിൽ ഏർപ്പെട്ടെന്നു ഡാനിയൽസ് വെളിപ്പെടുത്തിയിരുന്നു.
2006 ജൂലൈയിൽ ലേക്ക് ടാഹോയിൽ സെലിബ്രിറ്റി ഗോൾഫ് ടൂർണമെന്റിനിടെയാണ് ഡാനിയൽസ് ട്രംപിനെ പരിചയപ്പെടുന്നത്. ട്രംപ് തന്റെ മൂന്നാം ഭാര്യയായ മെലനിയയെ വിവാഹം ചെയ്തത് 2006ലാണ്. സംഭവം നടക്കുമ്പോൾ മെലനിയ മകൻ ബാരൺ ട്രംപിന് ജന്മം നൽകി നാലുമാസം ആയതേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് റിപ്പോർട്ട്. എന്നാൽ ആരോപണം തെറ്റാണെന്നും ‘വ്യാജമായ ആരോപണങ്ങൾ’ അവസാനിപ്പിക്കാനാണു പണം നൽകിയതെന്നുമാണു ട്രംപിന്റെ അവകാശവാദം.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ, 2016 ഒക്ടോബർ 28 നാണ് ട്രംപുമായുള്ള ബന്ധം പുറത്തുപറയുന്നതു വിലക്കിയുള്ള നോൺ – ഡിസ്ക്ലോഷർ എഗ്രിമെന്റിൽ (എൻഡിഎ) ഡാനിയൽസ് ഒപ്പുവച്ചതും 1.30 ലക്ഷം യുഎസ് ഡോളര്‍ വാങ്ങി ഒത്തുതീർപ്പിലെത്തിയതും. ഇതുസംബന്ധിച്ച രേഖകൾ ലൊസാഞ്ചലസ് ഫെഡറൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഡാനിയൽസിന്റെ അന്നത്തെ അഭിഭാഷകൻ കെയ്ത് ഡേവിഡ്സണ്ണും ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കോഹനും ആണ് എൻഡിഎയിൽ ഒപ്പുവച്ചത്. ട്രംപിന് ഒപ്പിടാനുള്ള സ്ഥലം ഒഴിച്ചിട്ടെങ്കിലും അദ്ദേഹം ഒപ്പിട്ടില്ല. 2018 ൽ വോൾ സ്ട്രീറ്റ് ജേണൽ ആണ്, ഡാനിയൽസിനു ട്രംപ് പണം നൽകിയെന്ന വാർത്ത പുറത്തുകൊണ്ടുവന്നത്.
അടുത്ത വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ കൂടുതൽ സാധ്യതയുള്ള ട്രംപിന് കനത്ത തിരിച്ചടിയാണിത്. കുറ്റം ചുമത്തപ്പെട്ടവർക്കോ ജയിലിലടയ്ക്കപ്പെട്ടവർക്കോ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്നു യുഎസിൽ നിയമമില്ലെങ്കിലും ട്രംപിന്റെ എതിരാളികൾ ഇത് ആയുധമാക്കിനിടയുണ്ട്. 2020ലെ തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള മറ്റു ക്രിമിനൽ കേസുകളിലും ട്രംപ് നടപടികൾ നേരിടുന്നുണ്ട്.



