സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കക്കാരെ ഇന്ത്യന്‍ ഭക്ഷണം പാചകം ചെയ്യാന്‍ പഠിപ്പിച്ച പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ഷെഫ് രാഘവന്‍ അയ്യര്‍ അന്തരിച്ചു. 61 വയസ്സായിരുന്നു. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കേ ന്യൂമോണിയ കൂടി ബാധിച്ചാണ് അന്ത്യം. പാചക പുസ്തക ഗ്രന്ഥകാരന്‍ഏ പാചക അധ്യാപകന്‍, കറി വിദഗ്ധന്‍ എന്നീ നിലകളിലും പേരെടുത്ത അയ്യര്‍ വെള്ളിയാഴ്ചയാണ് മരണമടഞ്ഞതെന്ന് ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 660 കറീസ് അടക്കം നിരവധി പാചക ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.

വന്‍കുടലിലെ കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് ന്യുമോണിയ ബാധിക്കുന്നത്. കാന്‍സര്‍ ശ്വാസകോശത്തേയും തലച്ചോറിനേയും വരെ ബാധിക്കുകയും ചെയ്തു. മാര്‍ച്ചില്‍ ബിബിസിക്ക് നല്‍കിയ അവസാന അഭിമുഖത്തില്‍ ‘ഓണ്‍ ദ കറി ട്രയല്‍’ എന്ന തന്റെ ബുക്കിനെ കുറിച്ച് പറഞ്ഞിരുന്നു. ലോകത്തെ മുഴുവന്‍ വശീകരിക്കാന്‍ ശേഷിയുള്ള വിഭവങ്ങളുടെ നീണ്ടനിര തന്റെ ബുക്കിലുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

തമിഴ്‌നാട്ടിലെ ചിദംബരത്ത് 1961 ഏപ്രില്‍ 21ന് ജനിച്ച അയ്യരുടെ പിതാവ് എസ്.രാമചന്ദ്രന്‍ ഇന്ത്യന്‍ നേവിയില്‍ ജീവനക്കാരനായിരുന്നു. മുംബൈയിലായിരുന്നും കുടുംബം താമസിച്ചിരുന്നത്. ആറ് മക്കളില്‍ ഇളയ ആളായിരുന്നു രാഘവന്‍ അയ്യര്‍. ഇദ്ദേഹത്തെ അമ്മ ഗംഗഭായ് രാമചന്ദ്രന്‍ ഗര്‍ഭം ധരിക്കുമ്പോള്‍ മൂത്തമകള്‍ ലളിത അയ്യര്‍ ഗൈനക്കോളജി ഡോക്ടര്‍ ആയിരുന്നു. മകളാണ് അമ്മയുടെ പ്രസവം എടുത്തതും.