അർക്കൻസാസ്: 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കുമെന്ന് അർക്കൻസാസ് മുൻ ഗവർണർ ആസ ഹച്ചിൻസൺ പ്രഖ്യാപിച്ചു.
മുമ്പ് യുഎസ് ജനപ്രതിനിധിസഭയിൽ സേവനമനുഷ്ഠിച്ചതിനു ശേഷം 2015 മുതൽ ഈ വർഷം ആദ്യം വരെ അർക്കൻസാസ് ഗവർണറായിരുന്നു ഹച്ചിൻസൺ. അമേരിക്കക്കാർക്ക് മികച്ച നേതാവിനെ ആവശ്യമുണ്ടെന്ന് തനിക്കു ബോധ്യമുണ്ടെന്ന് 72 കാരനായ ഹച്ചിൻസൺ പറഞ്ഞു.
നവംബറിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ട്രംപിനോടു മത്സരത്തിൽ നിന്നു വിട്ടുനിൽകണമെന്നും ഹച്ചിൻസൺ ആവശ്യപ്പെട്ടു. പോൺ താരത്തിനു പണം നൽകിയെന്ന കേസിൽ ട്രംപ് കുറ്റാരോപിതനായതിനെ തുടർന്നാണിത്. കുറ്റം ചുമത്തപ്പെട്ട ഒരു മുൻ പ്രസിഡന്റ് തങ്ങൾക്ക് ഉണ്ടെന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം സങ്കടകരമാണെന്നും ഹച്ചിൻസൺ പറഞ്ഞു.
ട്രംപും ബൈഡനും നേരത്തെ തന്നെ 2024 തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. അതേസമയം മുൻ സൗത്ത് കരോലിന ഗവർണറും ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറുമായ നിക്കി ഹേലിയും ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസും മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് എന്നിവരുൾപ്പടെ നിരവധി റിപബ്ലിക്കൻമാർ മത്സരരംഗത്തുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



