വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. പുതുശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് (സാലു-50) ആണ് മരിച്ചത്. കടുവയുടെ ആക്രമണത്തില്‍ തോമസിന്റെ കയ്യിലും കാലിലും ഗുരുതരമായി പരിക്കേറ്റിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോടേക്ക് മാറ്റുന്നതിനിടെ ഹൃദയാഘാതം വന്നാണ് മരണം. കടുവയെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്
മാനന്തവാടി പുതുശേരിക്കടുത്ത് വെള്ളംരംകുന്നിലാണ് ഇന്ന് കടുവ ഇറങ്ങിയത്. സാലുവിനെ ആക്രമിച്ച ശേഷം കടുവ കാട്ടിലേക്ക് തിരികെ പോയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. വനപാലകര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കടുവയെ കണ്ടെത്താനായില്ല. കടുവയെ മയക്കുവെടി വെച്ച് പിടികൂടാനാണ് നിലവിലെ തീരുമാനം. അതേസമയം കടുവ വീണ്ടുമെത്തിയേക്കുമോയെന്ന ഭീതിയും നാട്ടുകാര്‍ക്കുണ്ട്.
കഴിഞ്ഞ മാസം അവസാനവും വയനാട്ടില്‍ കടുവയിറങ്ങിയിരുന്നു. വയനാട് വാകേരിയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി.നാരായണ പുരം എസ്റ്റേറ്റിലാണ് 10 വയസ് തോന്നിക്കുന്ന കടുവയുടെ ജഡം കണ്ടെത്തിയത്



