പൊതു ഇടങ്ങളില്‍ പാലസ്തീന് പതാകകള്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കി ഇസ്രയേല്‍ സര്‍ക്കാര്‍. പൊതു സ്ഥലങ്ങളിലെ പാലസ്തീന് പതാകകള്‍ ഉടന്‍ നീക്കണമെന്ന് പൊലീസിനോട് ഇസ്രായേല്‍ സുരക്ഷ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ നിര്‍ദേശിച്ചു.ബെന്യമിന് നെതന്യാഹു സര്‍ക്കാര്‍ ഇസ്രയേലില്‍ അധികാരം ഏറ്റെടുത്ത് ഒരാഴ്ച്ച പിന്നിടുന്നതിന് മുമ്പ് തന്നെ സുരക്ഷാ സേനയുടെ അകമ്പടിയോടെ മന്ത്രി ഇതാമര്‍ ബെന്‍ വിര് അല്‍ അഖ്സ പള്ളിവളപ്പില്‍ പ്രവേശിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. അതേസമയം, സര്‍ക്കാരിലെ തീവ്രദേശീയവാദി കക്ഷിനേതാവും സുരക്ഷാവകുപ്പു മന്ത്രിയുമായ ഇതാമറിന്റെ നീക്കത്തിനെതിരെ പാലസ്തീന് രംഗത്തെത്തി.
ഇസ്രയേല്‍ പാലസ്തീന് അതോറിറ്റിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായി പാലസ്തീന് പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തിയ്യ പറഞ്ഞു.. ഇസ്രായേല്‍ പാലസ്തീനിന് മേല്‍ ഏര്‍പ്പെടുത്തുന്ന പുതിയ നിയന്ത്രണങ്ങള്‍ യുദ്ധത്തിന് സമാന സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീനിന്റെ ദശലക്ഷക്കണക്കിന് ഡോളറിന്റെ നികുതി തടഞ്ഞുവെക്കല്‍, ഉദ്യോഗസ്ഥരുടെ വി.ഐ.പി പ്രവേശന അനുമതി റദ്ദാക്കല്‍ തുടങ്ങിയ കടുത്ത നടപടികള്‍ സ്വീകരിക്കുകയാണ്.