തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ 43 ഹോട്ടലുകൾ പൂട്ടിച്ചു. ‘ഓപ്പറേഷന് ഹോളിഡേ’ എന്ന പേരില്‍ 429 ഹോട്ടലുകളിലാണ് ഇന്ന് പരിശോധന നടന്നത്.
22 ഹോട്ടലുകൾ പൂട്ടിച്ചത് ശുചിത്വമില്ലായ്മ കണ്ടെത്തിയതിനെ തുടർന്നാണ്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചവയാണ് ബാക്കിയുള്ളവ. 86 ഹോട്ടലുകൾക്ക് പിഴയിട്ടു. 52 ഹോട്ടലുകൾക്ക് താക്കീതും നൽകി.
വിവിധ ഹോട്ടലുകളിൽനിന്നായി പഴകിയ ഭക്ഷണത്തിന്റെ 44 സാമ്പിളുകൾ പരിശോധനയ്ക്കു അയച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ കടകൾ അടപ്പിച്ചത്. വൈകിട്ട് ഏഴുവരെ വരെ പരിശോധന തുടരുമെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
ഹോട്ടലിൽനിന്നു ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തെ തുടർന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയത്. ഹോട്ടലിൽ നിന്ന് കഴിഞ്ഞ മാസം 29ന് ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് രശ്മിക്കു രോഗബാധയുണ്ടായത്. അൽഫാമും കുഴിമന്തിയും കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഛർദിയും തുടർന്ന് വയറിളക്കവും അനുഭവപ്പെട്ടു.
ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രശ്മിയെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു മരണം. ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ് മരണമെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.



