കൊച്ചി: ഫോർട്ട് കൊച്ചിയിലെ പുതുവർഷാഘോഷ സംഘാടനത്തിൽ വന്ന പിഴവിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. ഗതാഗത സംവിധാനത്തിൽ വന്ന പിഴവ്, പരേഡ് ഗ്രൗണ്ടിലെ ക്രമീകരണങ്ങൾ, പ്രാഥമിക സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയാണ് ജില്ലാഭരണകൂടം പരിശോധിക്കുന്നത്.
ഫോർട്ട് കൊച്ചിയിലെ സംഘാടനം പ്രാദേശികമായി രൂപീകരിച്ച കാർണിവൽ കമ്മിറ്റിക്കാണ്. വിവിധ വകുപ്പുകളുടെ ഏകോപനമാണ് സർക്കാർ ചുമതല. ഇത്രയും വലിയ പങ്കാളിത്തം കൈകാര്യം ചെയ്യാൻ സംഘാടക സമിതിക്ക് കഴിഞ്ഞില്ലെന്നതാണ് വിമർശനം.
ആഘോഷത്തിനെത്തിയ നിരവധി പേർക്ക് ശ്വാസതടസം പോലുള്ള ശാരീരിക പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നു. ഇവരെ സമീപത്തെ ആശുപത്രികളിൽ എത്തിച്ചെങ്കിലും പര്യാപ്തമായ ചികിത്സകൾ ലഭിച്ചില്ലെന്നും പരാതികൾ ഉയർന്നിരുന്നു.



