ജറുസലേം: രാജ്യാന്തര സമാധാനനീക്കങ്ങളുടെ ഭാഗമായി ഇസ്ലാം മതവിശ്വാസികൾക്ക് മാത്രം പ്രവേശനം അനുവദിച്ചിട്ടുള്ള ജറുസലേമിലെ ടെംപിൾ മൗണ്ട്/അൽ – അഖ്സ മോസ്ക്കിൽ പ്രവേശിച്ച് ഇസ്രയേൽ ആഭ്യന്തര മന്ത്രി ഇതാമർ ബെൻ വിർ. ജൂത, ക്രിസ്തീയ, ഇസ്ലാമിക വിശ്വാസപ്രകാരമുള്ള ആരാധനാലയങ്ങൾ ഒരുമിച്ച് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ടെംപിൾ മൗണ്ട്.
മക്ക, മദീന എന്നിവയ്ക്കൊപ്പം ഇസ്ലാം മതവിശ്വാസികൾ പുണ്യസ്ഥലമായി കണക്കാക്കുന്ന അൽ – അഖ്സ മേഖലയിൽ യാഥാസ്ഥിക ജൂതനേതാവായ ബെൻ വിർ സന്ദർശനം നടത്തിയത് പ്രകോപനം സൃഷ്ടിക്കാനാണെന്ന് പലസ്തീൻ വൃത്തങ്ങൾ ആരോപിച്ചു.
അൽ – അഖ്സ മോസ്ക്കിൽ ജൂതാചാരപ്രകാരമുള്ള പ്രാർഥനകൾ നടത്തണമെന്ന നിലപാടുള്ള വ്യക്തിയാണ് ബെൻ വിർ. രാഷ്ട്രീയ അനുശ്ചിതത്വം തുടർക്കഥയായ ഇസ്രയേലിൽ വീണ്ടും അധികാരത്തിലെത്തിയ ബെഞ്ചമിൻ നെതന്യാഹു, ബെൻ വിറിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടെന്ന് റിപ്പോർട്ടുകളുണ്ട്.
മോസ്ക്കിൽ പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ച് ബെൻ വിർ കഴിഞ്ഞയാഴ്ച നടത്തിയ പ്രസ്താവനക്കെതിരെ രംഗത്ത് വന്ന ഹമാസ്, ഇത്തരമൊരു നീക്കം ഇസ്രയേൽ – പലസ്തീൻ തർക്കം രൂക്ഷമാക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇസ്രയേൽ മുൻ പ്രധാനമന്ത്രി ഏരിയൽ ഷാരോണ്‍ 2000 സെപ്റ്റംബറിൽ നടത്തിയ ടെപിംൾ മൗണ്ട് സന്ദർശനത്തിന് ശേഷം നടന്ന രണ്ടാം പല്സതീനിയൻ ഇന്‍തിഫാദയുടെ(വിപ്ലവം) ഓർമകൾ ഉള്ളതിനിൽ കരുതലോടെയാണ് ഇരു രാജ്യങ്ങളും വിഷയത്തെ സമീപിക്കുന്നത്. രണ്ടാം ഇന്‍തിഫാദയിൽ ഇരു വിഭാഗങ്ങളിൽ നിന്നുമായി 4000 പേർക്ക് ജീവൻ നഷ്ടമായിരുന്നു.



