ന്യൂഡല്‍ഹി: മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെ വിവാദപ്രസംഗത്തില്‍ അധികനിയന്ത്രണങ്ങള്‍ ചുമത്താനാവില്ലെന്ന് സുപ്രീംകോടതി. ജസ്റ്റീസ് അബ്ദുള്‍ നാസീര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്.
സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ പരാമര്‍ശം, കേരളത്തിലെ പെമ്പിള ഒരുമൈ സമരത്തിനെതിരെ മുന്‍ മന്ത്രി എം.എം.മണി നടത്തിയ പ്രസ്താവന ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. ജനപ്രതിനിധികളുടെ പ്രസംഗത്തിനു പ്രത്യേക മാനദണ്ഡം വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
നിലവിലെ സാഹചര്യത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്റെ അഭിപ്രായമായി പരിഗണിക്കാനാവില്ല. വ്യക്തിപരമായി ഒരു മന്ത്രി നടത്തുന്ന പ്രസ്താവനയ്ക്ക് മന്ത്രിസഭ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു.
പൗരാവകാശം ലംഘിക്കുന്ന തരത്തിലുള്ള ജനപ്രതിനിധിയുടെ പ്രസ്താവന ഭരണഘടനാലംഘനമായി കണക്കാക്കാനാകില്ല. ഇതിനെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ അത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.
വിഷയത്തില്‍ കോടതിവിധിയോട് യോജിച്ചുകൊണ്ടുതന്നെ ജസ്റ്റീസ് ബി.വി.നാഗരത്ന പ്രത്യേക വിധി പ്രസ്താവം പുറപ്പെടുവിച്ചു. വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു നാഗരത്ന വിധി പറഞ്ഞത്.



