കോഴിക്കോട്: വൈവിധ്യമാണ് നമ്മുടെ കരുത്തെന്നും അതിനെ ഇല്ലാതാക്കി ഏകശിലാരൂപമാക്കാനുള്ള ശ്രമത്തിനെതിരേയുള്ള പ്രതിരോധമാണ് കലാപ്രവർത്തനമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കലോത്സവ വേദികൾ സാംസ്കാരിക വിനിമയത്തിനുള്ള വേദികൾ കൂടിയാണ്. ഇവിടെ മാറ്റുരയ്ക്കുന്ന പ്രതിഭകൾക്ക് തുടർച്ച വേണം. അക്കാര്യത്തിൽ ഗൗരവതരമായ ആലോചനകൾ നടത്തുമെന്നും ശിവൻകുട്ടി പറഞ്ഞു. കലോത്സവത്തിന്‍റെ ജനകീയത കാഴ്ചക്കാരുടെ എണ്ണത്തിൽ മാത്രമായി പരിമിതപ്പെടരുത്. കൂടുതൽ ജനകീയ പങ്കാളിത്തം അടിസ്ഥാനതലം മുതൽ ഉണ്ടാകേണ്ടതുണ്ട്.
കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരുടെ വാസനകൾ വളർത്താൻ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ്. അതിനെന്ത് ചെയ്യാനാവും എന്ന് പരിശോധിക്കും. കാലത്തിനനുസരിച്ച് കലോത്സവ മാനുവൽ പരിഷ്കരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.



