തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം ജോലി തട്ടിപ്പു കേസിൽ അഞ്ചാം പ്രതിയായ സ്ഥാപനത്തിലെ ലീഗൽ ഡെപ്യൂട്ടി ജനറൽ മാനേജർ ശശികുമാരൻ തന്പിക്കു സസ്പെൻഷൻ. കന്റോണ്മെന്റ്, വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണു ശശികുമാർ പ്രതിചേർക്കപ്പെട്ടിരിക്കുന്നത്. ശശികുമാരൻ തന്പി ഇപ്പോൾ ഒളിവിലാണ്. കേസിലെ ഒന്നാം പ്രതിയും പ്രധാന ഇടനിലകാരിയുമായ ദിവ്യ നായരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ടൈറ്റാനിയത്തിൽ ജോലി നൽകാമെന്ന പേരിൽ 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന ഉദ്യോഗാർഥിയുടെ പരാതിയിലാണു വെഞ്ഞാറമൂട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിനു പിന്നാലെ സമാന പരാതിയുമായി നിരവധി പേർ രംഗത്തുവന്നു. എന്നാൽ വിഷയം പോലീസ് ഗൗരവമായി കണ്ടില്ലെന്ന ആക്ഷേപവുമുണ്ട്. തട്ടിപ്പു നടത്തിയ ദിവ്യാ നായരെ പാളയം ജേക്കബ് ജംഗ്ഷനിലെ വീട്ടിലെത്തിയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റു ചെയ്തത്.
കേസിലെ മറ്റൊരു പ്രതി ദിവ്യയുടെ ഭർത്താവായ രാജേഷ് ഒളിവിലാണ്. ദിവ്യയാണു ജോലി തട്ടിപ്പിനായി പണം വാങ്ങുന്നതെന്നാണു പോലീസ് പറയുന്നത്. കേസിലെ മറ്റു പ്രതികളായ പ്രേംകുമാറും ശ്യാംലാലും ഉദ്യോഗാർഥികളെ ടൈറ്റാനിയത്തിലെത്തിക്കും. ഇന്റർവ്യൂ നടത്തുന്നതു ഡിജിഎം ശശികുമാരൻ തന്പിയായിരുന്നു. ഇന്റർവ്യൂവിനു മുന്പ് പകുതി പണവും ഇന്റർവ്യൂവിനു ശേഷം ബാക്കി പണവും വാങ്ങിയായിരുന്നു തട്ടിപ്പ്.
ഒക്ടോബറിൽ പരാതി നൽകിയിട്ടും കേസന്വേഷണം പോലീസ് നീട്ടുകയായിരുന്നുവെന്നാണു പരാതിക്കാർ പറയുന്നത്. ഒരു പരാതിക്കു പിന്നാലെ തട്ടിപ്പിനിരയായ കൂടുതൽ ഉദ്യോഗാർഥികൾ രംഗത്തു വന്നിട്ടും പോലീസ് ഫലപ്രദമായി അന്വേഷിച്ചില്ലെന്ന പരാതിയും നിലനിൽക്കുന്നു. ശശികുമാരൻ തന്പിയെ അറസ്റ്റു ചെയ്താൽ മാത്രമേ കൂടുതൽ തെളിവുകൾ ലഭിക്കുകയുള്ളൂവെന്നാണു പോലീസും വ്യക്തമാക്കുന്നത്.



