ആറന്മുള: ആറന്മുള പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഗ്രേഡ് എസ്.ഐ.യെ ജില്ലാ പോലീസ് മേധാവി സസ്പെൻഡുചെയ്തു. ഗ്രേഡ് എസ്.ഐ. സജീഫ് ഖാനെയാണ് സസ്പെൻഡ് ചെയ്തത്. പത്തനംതിട്ട പോലീസ് ക്വാർട്ടേഴ്സിൽ താമസിച്ചുവന്ന, പത്തനാപുരം സ്വദേശിയായ ഇയാൾ സംഭവത്തെത്തുടർന്ന് ഒളിവിലാണ്.
വെള്ളിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. പോലീസ് സ്റ്റേഷൻ വൃത്തിയാക്കിയശേഷം ചായ ഇട്ടുകൊണ്ടിരുന്ന ജീവനക്കാരിയെ സജീഫ് ഖാൻ കടന്നുപിടിച്ചെന്നാണ് പരാതി. യുവതി ഒച്ചവെച്ചതിനെത്തുടർന്ന് മറ്റ് പോലീസുകാർ എത്തി. സജീഫ് ഖാൻ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. യുവതി ആദ്യം പരാതി നൽകാൻ തയ്യാറായില്ലെന്ന് ആറന്മുള എസ്.എച്ച്.ഒ. സി.കെ. മനോജ് പറഞ്ഞു. എന്നാൽ, പരാതി സ്വീകരിക്കാതെ പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നെന്നും ആരോപണമുയർന്നിട്ടുണ്ട്.
അതിക്രമംനേരിട്ട യുവതി, ശനിയാഴ്ച രാവിലെ പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ പരാതിനൽകുകയായിരുന്നെന്ന് പോലീസ് ഇൻസ്പെക്ടർ എ.ആർ. ലീലാമ്മ പറഞ്ഞു.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റർചെയ്തു. തുടർന്നാണ് ജില്ലാ പോലീസ് മേധാവി, സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡിവൈ.എസ്.പി.മാരെ നിയോഗിച്ചത്.



