തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ പ്രധാന ഇടനിലക്കാരി ദിവ്യാ നായരെ(41) പോലീസ് അറസ്റ്റുചെയ്തു. വേളിയിലെ ടൈറ്റാനിയം പ്ലാന്റിൽ കെമിസ്റ്റായി ജോലി നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി ഒരുകോടിയിലധികം തട്ടിയെടുത്തുവെന്നാണ് പരാതി. കേസിൽ ടൈറ്റാനിയം ലീഗൽ എ.ജി.എം. ശശികുമാരൻ തമ്പി അഞ്ചാം പ്രതിയാണ്. കന്റോൺമെന്റ്, പൂജപ്പുര, വെഞ്ഞാറമൂട് സ്റ്റേഷനുകളിൽ ഇതുമായി ബന്ധപ്പെട്ട് പരാതികളുണ്ട്.
തിരുവനന്തപുരം ജേക്കബ് ജങ്ഷനിലെ വീട്ടിൽനിന്ന് ഞായറാഴ്ച രാവിലെ വെഞ്ഞാറമൂട് പോലീസാണ് ദിവ്യാ നായരെ കസ്റ്റഡിയിൽ എടുത്തത്. വൈകീട്ട് അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ കോടതി റിമാൻഡ് ചെയ്തു. തട്ടിപ്പിനിരയായ പിരപ്പൻകോട് സ്വദേശി വെഞ്ഞാറമൂട് പോലീസിൽ നൽകിയ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ്. 2020-ൽ 14 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബർ ആറിന് കന്റോൺമെന്റ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതികളെത്തുടർന്ന് പൂജപ്പുരയിലുൾപ്പെടെ ഇവരെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല.
പണം നേരിട്ട് വാങ്ങിയ ദിവ്യാജ്യോതി എന്ന ദിവ്യാ നായരാണ് ഒന്നാം പ്രതി. ദിവ്യാ ജ്യോതിയുടെ ഭർത്താവ് രാജേഷും പ്രതിയാണ്. ശശികുമാരൻ തമ്പിയുടെ സുഹൃത്തുക്കളായ പ്രേംകുമാർ, ശ്യാംലാൽ എന്നിവരാണ് മറ്റു പ്രതികൾ. ഇവരെല്ലാം ഒളിവിലാണെന്നാണ് പോലീസ് നിഗമനം.
മാസം 75000 രൂപ ശമ്പളത്തിൽ ട്രാവൻകൂർ ടൈറ്റാനിയത്തിൽ അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയിൽ ജോലി വാഗ്ദാനംചെയ്ത് പലതവണയായി 10 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. ജോലികിട്ടാതെ വന്നപ്പോഴാണ് പലരും പോലീസിനെ സമീപിച്ചത്. സമാന പരാതിയിലാണ് വെഞ്ഞാറമൂട് പോലീസും കേസെടുത്തത്.
2018 മുതൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം. വിവിധ െഫയ്സ്ബുക്ക് ഗ്രൂപ്പുകളിൽ ടൈറ്റാനിയത്തിൽ ഒഴിവുകളുണ്ടെന്ന് കാണിച്ച് ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജ്യോതിയുടെ വീട്ടിലെത്തി ഭർത്താവ് രാജേഷിന്റെ സാന്നിധ്യത്തിലാണ് പലരും പണം നൽകിയത്. 29 പേരിൽനിന്ന് ഒരു കോടി 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. ജില്ലാ പോലീസ് സൂപ്രണ്ട് ഡി.ശിൽപ്പ, ആറ്റിങ്ങൽ ഡിവൈ.എസ്.പി. ഡി.ബിനു, വെഞ്ഞാറമൂട് സി.ഐ. അനൂപ് കൃഷ്ണ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
ഫെയ്സ്ബുക്കിലൂടെ പരസ്യം; ടൈറ്റാനിയത്തിൽ ഇന്റർവ്യൂ
ദിവ്യാജ്യോതി ഫെയ്സ്ബുക്കിലൂടെ പരസ്യം നൽകിയായിരുന്നു തട്ടിപ്പിന്റെ തുടക്കം. പരസ്യം കണ്ട് ബന്ധപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഫോൺ നമ്പർ നൽകും. ഇവരുമായി സംസാരിച്ച് ഇടപാട് ഉറപ്പിക്കും. ഉദ്യോഗാർഥികളെ നഗരത്തിലെ പലയിടത്തും വരാൻ പറഞ്ഞ് കൂടിക്കാഴ്ചകൾ നടത്തും. പിന്നീട് ശ്യാംലാലും മറ്റുള്ളവരും ചേർന്ന് ഇന്റർവ്യൂവിനെന്നപേരിൽ കാറിൽ ടൈറ്റാനിയത്തിൽ എത്തിക്കും. കാറിൽ കയറുമ്പോൾത്തന്നെ ഫോൺ സ്വിച്ച് ഓഫ് ആക്കണമെന്ന നിബന്ധനയുമുണ്ട്.
ടൈറ്റാനിയത്തിലെ ശശികുമാരൻ തമ്പിയുടെ കാബിനിൽ വച്ചാണ് ഇന്റർവ്യൂ. ജോലിയെക്കുറിച്ചും സ്ഥാനക്കയറ്റ സാധ്യതകളെക്കുറിച്ചും ശശികുമാരൻ തമ്പി ഇവരോടു സംസാരിക്കും. ഇതോടെ ഉദ്യോഗാർഥികളുടെ വിശ്വാസം പിടിച്ചുപറ്റാൻ സംഘാംഗങ്ങൾക്ക് കഴിയും. ഇന്റർവ്യൂവിനു മുൻപ് പകുതി തുക വാങ്ങുകയും ഇന്റർവ്യൂവിനു ശേഷം ബാക്കി തുക ആവശ്യപ്പെടുകയുമാണ് പതിവ്. ഇത് ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടുമാണ് കൈപ്പറ്റുന്നത്. 15 ദിവസത്തിനകം അപ്പോയിന്റ്മെന്റ് ലെറ്റർ കിട്ടുമെന്നായിരുന്നു വാഗ്ദാനം.



