കോഴിക്കോട് : പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ് കേസില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ പ്രതിപക്ഷ പ്രതിഷേധം. കോര്‍പ്പറേഷന്റെ അക്കൗണ്ടുകളില്‍ നിന്നും പണം തട്ടിയ സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ബിജെപിയും അടിയന്തരപ്രമേയത്തിന് അനുമതി തേടി. എന്നാല്‍ മേയര്‍ ബീന ഫിലിപ്പ് അടിയന്തരപ്രമേയ നോട്ടീസ് തള്ളി. എന്നാല്‍ പ്രതിഷേധത്തിന് പിന്നാലെ 15 യുഡിഎഫ് കൗണ്‍സിലര്‍മാരെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു. 

പിഎന്‍ബി അക്കൗണ്ട് തട്ടിപ്പിലൂടെ കോഴിക്കോട് കോര്‍പ്പറേഷന് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മേയറുടെ നടപടി. ഈ തുകയുടെ പലിശ മാത്രമാണ് ലഭിക്കാന്‍ ബാക്കിയുള്ളതെന്നും മേയര്‍ പറഞ്ഞു. ഈ പലിശ നല്‍കാമെന്ന് ബാങ്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി. പ്രതിഷേധ സൂചകമായി തലയില്‍ കറുപ്പ് റിബണ്‍ കെട്ടിയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗത്തിനെത്തിയത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധ ബാനറുകളും അംഗങ്ങള്‍ ഉയര്‍ത്തി. 

പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ നിശ്ചയിച്ച അജണ്ട പാസാക്കി കൗണ്‍സില്‍ പിരിയുകയും ചെയ്തു. ഇതോടെ യുഡിഎഫ് അംഗങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുകയും ചെയ്തു. 

പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപറേഷന് നഷ്‌ടമായത് ആകെ 12.60 കോടി രൂപയാണെന്ന് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 2.53 കോടി രൂപ ബാങ്ക് കോർപറേഷന് തിരികെ നൽകി. ഇനി കിട്ടാനുള്ളത് 10.7 കോടി രൂപയാണ്. ബാങ്കിൽ ആകെ 21.29 കോടി രൂപയുടെ തിരിമറിയാണ് നടന്നത്. മുൻ ബാങ്ക് മാനേജരായ റിജിൽ ഒറ്റക്കാണ് തിരിമറി നടത്തിയത്. എന്നാൽ ഇയാളുടെ അക്കൗണ്ടിൽ ആയിരം രൂപ പോലും ഇപ്പോഴില്ല. റിജിൽ പണം ചെലവഴിച്ചത് ഓൺലൈൻ റമ്മിക്കും ഓഹരി വിപണിയിലേക്കുമാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.