പേരൂർക്കട: വഴലിയലിൽ റോഡരികിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിനുള്ളിൽ തൂങ്ങി മരിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. പട്ടാപ്പകൽ നടുറോഡിൽ ജീവിത പങ്കാളിയെ വെട്ടിക്കൊന്ന രാജേഷ് ജയിലിനുള്ളിലാണ് തൂങ്ങിമരിച്ചത്. മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെയാണ് കൊലപാതകം നടക്കുന്നത്.
കഴിഞ്ഞ 12 വർഷമായി രാജേഷും സിന്ധുവും തമ്മിൽ അടുപ്പത്തിലായിരുന്നു. സിന്ധു തന്നിൽ നിന്ന് അകന്നുമാറുന്നുവെന്ന സംശയമാണ് കൊലയിലേക്ക് നയിച്ചതെന്ന് പ്രതി സമ്മതിച്ചു. വഴയിലയിൽ റോഡരികിൽ വെച്ച് ബൈക്കിലെത്തിയ രാജേഷ് സിന്ധുവിനെ ആക്രമിക്കുകയായിരുന്നു. വെട്ടുകത്തി ഉപയോഗിച്ച് സിന്ധുവിന്റെ കഴുത്തിൽ മൂന്ന് തവണ വെട്ടി. ഈ സമയം രക്ഷിക്കണേയെന്ന് സിന്ധു അലമുറയിട്ടിരുന്നു.
എന്നാൽ നാട്ടുകാർ എത്തുമ്പോഴേക്ക് സിന്ധുവിന്റെ തലയിൽ വെട്ടി. ഇതോടെ സിന്ധു തളർന്നുവീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ സിന്ധുവിനെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ട് മാസമായി സിന്ധുവുമായി അകൽച്ചയിലായിരുന്നുവെന്ന് രാജേഷ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.



