തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ക്രൈസ്തവ സഭകളും പ്രതിപക്ഷവും. ബഫര്‍ സോണ്‍ നിര്‍ണയിക്കാനുളള ഉപഗ്രഹ സര്‍വേ ഭൂപടം സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തിയതോടെയാണ് മലയോര മേഖലയില്‍ യു ഡി വലിയ ആശങ്ക ഉടലെടുക്കുകയും സഭ നിലപാട് കടുപ്പിക്കുകയും ചെയ്തത്. കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ സമരമുഖത്തേക്കിറങ്ങുമെന്ന പ്രഖ്യാപനം നടത്തിയതോടെ പ്രക്ഷോഭത്തിന് ഒപ്പമുണ്ടാകുമെന്ന നിലപാടുമായി പ്രതിപക്ഷവും രംഗത്തെത്തി. 

കത്തോലിക്ക സഭ കടുത്ത നിലപാടിലേക്ക് പോയാല്‍ അത് എല്‍ ഡി എഫിനും ഇടതു സര്‍ക്കാരിനും വെല്ലുവിളിയാകും. മുന്നണിയിലെ മൂന്നാം കക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന് മേല്‍ ഇത് തീര്‍ക്കുന്ന സമ്മര്‍ദ്ദം നിസാരമല്ല. ജനുവരി 11ന് ബഫര്‍ സോണ്‍ സംബന്ധിച്ച കേസ് സുപ്രീം കോടതിയില്‍ എത്തവേ സര്‍ക്കാരിന് നിലവിലെ സാഹചര്യങ്ങള്‍ വെല്ലുവിളിയാകും. റോഡും വീടും വഴികളും ഉള്‍പ്പെടുന്ന പ്രധാന ജനവാസമേഖലകള്‍ പോലും വനത്തിനുള്ളിലാണെന്നാണ് ഇപ്പോള്‍ വന്നിട്ടുള്ള റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.  റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍ തയ്യാരാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാത്ത നിര്‍മ്മിതികളുടെ വിവരം 23നകം സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇത് പ്രായോഗികമല്ലെന്നതാണ് പ്രദേശവാസികളുടെ പരാതി. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പരാതികള്‍ അറിയിക്കുക എന്നത് അപ്രായോഗികമാണെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

ജനത്തിന്റെ ആശങ്ക പരിഹരിക്കുന്ന സത്വര നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവയടക്കമുള്ള സഭാ നേതാക്കള്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ രംഗത്തെത്തി. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ ഡാറ്റയുടെ പിന്‍ബലത്തില്‍ സമീപിച്ചാല്‍ ബഫര്‍ സോണ്‍ സംബന്ധിച്ച ആവശ്യമായ ഭേദഗതികള്‍ക്ക് സന്നദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ആശങ്കകള്‍ അറിയിക്കാനുള്ള സമയപരിധി ഡിസംബര്‍ 23 വരെയെന്ന് നിശ്ചയിച്ചത് തീര്‍ത്തും അപ്രായോഗികമാണെന്നും പരാതികള്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ക്ലീമിസ് കാതോലിക്കാ ബാവ വ്യക്തമാക്കി. 
ബഫര്‍സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ ഉള്‍പ്പടെ സംരക്ഷിത വനമേഖലക്ക് സമീപമുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന കുറ്റപ്പെടുത്തലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉയര്‍ത്തുന്നത്. കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടുമായി മുന്നോട്ട് പോയാല്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന മുന്നറിയിപ്പും പ്രതിപക്ഷ നേതാവ് നല്‍കുന്നു. ഇപ്പോള്‍ പുറത്തു വിട്ട മാപ്പില്‍ നദികള്‍, റോഡുകള്‍, വാര്‍ഡ് അതിരുകള്‍  എന്നിവ സാധാരണക്കാര്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. 14,619 കെട്ടിടങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.   

എന്നാല്‍ പുറത്തു വന്ന ഉപഗ്രഹ സര്‍വേ ഭൂപടം അതേപടി അംഗീകരിക്കില്ലെന്നും ഫീല്‍ഡിലെത്തി ആക്ഷേപങ്ങള്‍ പരിശോധിച്ച് പരിഹരിക്കുമെന്നുമുള്ള ഉറപ്പാണ് സര്‍ക്കാര്‍ സഭയ്ക്ക് നല്‍കാന്‍ ശ്രമിക്കുന്നത്. സുപ്രീം കോടതിയില്‍ ഉപഗ്രഹ സര്‍വേയുടെ അടിസ്ഥാനത്തിലാകില്ല റിപ്പോര്‍ട്ട് നല്‍കുക. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ സമിതിക്ക് മുന്നില്‍ ലഭിച്ച പരാതികളില്‍ ഫീല്‍ഡ് പരിശോധന നടത്തി അപാകതകള്‍ തീര്‍ക്കുമെന്നും ഇതിന് ശേഷമാകും അന്തിമ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് സമര്‍പ്പിക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇതിന് നിലവിലെ പരാതികള്‍ നല്‍കാനായി നിശ്ചയിച്ചിട്ടുള്ള തീയതി നീട്ടി നല്‍കേണ്ടതുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിലവിലെ പരാതികള്‍ പരിഹരിച്ച് പുതിയ ഭൂപടം തയ്യാറാക്കാനാകുമോ എന്ന ആശങ്കയാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ഭൂപടത്തിലെ അപാകത രാഷ്ട്രീയമായ തിരിച്ചടിക്ക് കാരണമാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങളാകും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുക.