ലയാള മനോരമ നല്‍കിയ വ്യാജവാര്‍ത്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എംപിയും സിപിഎം നേതാവുമായ സുരേഷ് കുറുപ്പ്. സുരേഷ് കുറുപ്പ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുന്നു. ഇനി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ല. പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഔദ്യോഗിക കമ്മിറ്റികളില്‍ നിന്നും സ്വയം ഒഴിയുമെന്നാണ് ഇന്നത്തെ മനോരമ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിനെതിരെയാണ് സുരേഷ് കുറുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തനമവസാനിപ്പിക്കുന്നു എന്ന സൂചനകളോടെ വന്നിട്ടുള്ള വാര്‍ത്തയില്‍ പത്രലേഖകനോട് ഞാനായി പറഞ്ഞ ഒരു വാചകമേയുളളൂ , ‘ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല ‘ എന്നതാണത് . വേണമെങ്കില്‍ ഒരാഴ്ച കഴിഞ്ഞ് സംസാരിക്കാം എന്നും പറഞ്ഞിരുന്നു. മറ്റുള്ളതൊന്നും ഞാന്‍ പറഞ്ഞതല്ല.
എന്നെയും ഞാന്‍ നിലകൊള്ളുന്ന രാഷ്ട്രീയ നിലപാടുകളേയും സ്‌നേഹിച്ച ജനങ്ങള്‍ക്കിടയില്‍ നിന്നും മാറി നില്‍ക്കുന്നതിനെക്കുറിച്ച് ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ അത് ഞാന്‍ എന്നെത്തന്നെ മറക്കുന്നതിന് തുല്യമായിരിക്കും .എല്ലാവരുടേയും സ്‌നേഹത്തിനും കരുതലിനും നന്ദിയും അഭിവാദ്യങ്ങളുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നത്തെ മലയാള മനോരമ ദിനപ്പത്രത്തില്‍ വന്ന ഒരു വാര്‍ത്തയുമായി ബന്ധപ്പെട്ട ഒരു വിശദീകരണമാണിതെന്നും അദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്.