കരിമാൻതോട്: താഴെ പൂച്ചക്കുളത്ത് വളർത്തുനായയെ പുലി പിടിച്ചു. അനിലഭവനം അനിൽകുമാറിന്റെ താമസ സ്ഥലത്തു നിന്നാണ് കഴിഞ്ഞ ദിവസം അർധരാത്രിയോടെ നായയെ പുലി പിടിച്ചത്. നായയുടെ ബഹളം കേട്ടാണ് അനിൽകുമാർ ഞെട്ടിയുണർന്നത്.അടച്ചുറപ്പില്ലാത്ത ഷെഡ്ഡിൽ തീ കൂട്ടിയാണ് അനിൽകുമാർ കഴിയുന്നത്. 2 നായകളും കാവലിനുണ്ട്.
ഇതിൽ ഒന്നിനെ തൊട്ടുമുന്നിൽ പുലി ആക്രമിക്കുന്നതു കണ്ട് കിടക്കയിൽ നിന്ന് ചാടിയെണീറ്റ അനിൽകുമാറിന് നേരെ പുലി തിരിഞ്ഞു. ബഹളം വച്ചതോടെ അനിൽകുമാറിനെ തള്ളിമറിച്ചിട്ട ശേഷം ഒരു നായയെയും കൊണ്ട് പുലി ഓടിമറഞ്ഞു. ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രദേശത്ത് പട്രോളിങ് നടത്തുകയും നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും ചെയ്യും. കൂട് വയ്ക്കുന്നത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയതായി വനപാലകർ അറിയിച്ചു.കഴിഞ്ഞ ഒരു മാസത്തിനിടെ അനിൽകുമാറിന്റെ മൂന്നാമത്തെ വളർത്തുനായയെ ആണ് പുലി പിടിക്കുന്നത്. അടുത്ത കാലത്തായി ഒട്ടേറെ വളർത്തു നായ്ക്കളെ കാണാതായിട്ടുണ്ടെന്ന് സമീപവാസികൾ പറയുന്നു.



