തിരുവനന്തപുരം: കരാര്‍ നിയമനത്തിലെ കത്ത് വിവാദത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസുകാരും യുവമോര്‍ച്ചാ പ്രവര്‍ത്തകരും കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തി. മേയറുടെ ചേമ്പറിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത് കയ്യാങ്കളിയിലേക്ക് നീങ്ങി. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധ സമയത്ത് ഓഫീസിലേക്ക് എത്തിയ ഡെപ്യൂട്ടി മേയര്‍ പി കെ രാജുവിനെ ഓഫീസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ബി ജെ പി കൗണ്‍സിലര്‍മാര്‍ തടഞ്ഞു. തന്നെ മര്‍ദ്ദിച്ചെന്നും വസ്ത്രം വലിച്ചു കീറിയെന്നും ഡെപ്യൂട്ടി മേയര്‍ ആരോപിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡെപ്യൂട്ടി മേയറെ ആശുപത്രിയിലേക്ക് മാറ്റി.

പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. മേയര്‍ രാജിവെക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ബി ജെ പി കൗണ്‍സിലര്‍മാര്‍. 
 കരാര്‍ നിയമനത്തിന് പാര്‍ട്ടി മുന്‍ഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രനും കൗണ്‍സിലറും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ഡി ആര്‍ അനിലും കത്തയച്ചത് വിവാദമായതിനെ തുടര്‍ന്നാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധവുമായെത്തിയത്.  

കരാര്‍ നിയമനത്തിന് പാര്‍ട്ടി മുന്‍ഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്താണ് ആദ്യം വിവാദത്തിലായത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കത്തയച്ചില്ലെന്ന് മേയറും കത്ത് കിട്ടിയില്ലെന്ന് ആനാവൂര്‍ നാഗപ്പനും വിശദീകരിച്ചപ്പോള്‍ കത്ത് വ്യാജമാണെന്നായിരുന്നു ഡെപ്യൂട്ടി മേയറുടെ പ്രതികരണം. വിഷയം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തു വന്നു. കോര്‍പ്പറേഷനിലെ പിന്‍ വാതില്‍ നിയമനങ്ങള്‍ക്കെതിരെ മേയര്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രതിപക്ഷം.