നെടുങ്കണ്ടം: മുടി വളർത്തുന്നത് ഫ്രീക്കനാവാനും ചെത്തി നടക്കാനുമാണെന്നാണ് പൊതു സമൂഹത്തിന്റെ ധാരണ. ഈ ധാരണകളയെല്ലാം മാറ്റിമറിച്ചിരിക്കുകയാണ് നെടുങ്കണ്ടം യു.പി. സകൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ജഗൻ പി.ഹരികുമാർ.
കുറേനാളുകൾക്ക് മുമ്പാണ് കാൻസർ രോഗികളെക്കുറിച്ചുള്ള ഒരു വാർത്ത ജഗന്റെ ശ്രദ്ധയിൽപ്പെടുന്നത്. കാൻസർ ചികിത്സയുടെ ഭാഗമായി മുടി കൊഴിഞ്ഞുപോകുമെന്നും മുടി നീട്ടി വളർത്തി രോഗികൾക്ക് നൽകാം എന്നും ജഗൻ മനസിലാക്കി.
മാതാപിതാക്കളാണ് ജഗനെ മുടി നീട്ടി വളർത്താൻ പ്രോത്സാഹിപ്പിച്ചത്. അങ്ങനെ സകൂളിലെ അധ്യാപകരോടും അനുവാദം തേടി. അവരും പിന്തുണ നൽകി. പത്ത് മാസത്തോളം ജഗൻ മുടി പരിപാലിച്ചു. വെള്ളിയാഴ്ച രോഗികൾക്കായി മുടി മുറിച്ച് നൽകി.
കട്ടപ്പനയിലെ കാൻസർ സെന്ററിലേക്കാണ് മുടി അയച്ച് നൽകിയത്. സഹജീവിസ്നേഹം എന്താണെന്ന് സ്വന്തം പ്രവർത്തിയിലൂടെ കാണിച്ചുതരുകയാണ് ഈ കൊച്ചുമിടുക്കൻ.
മുടി വളർത്തിയപ്പോഴുണ്ടായ എല്ലാ പരിഹാസങ്ങളും ജഗൻ ചിരിച്ചുതള്ളി. അവന് എല്ലാ പിന്തുണയും നൽകി വീട്ടുകാരും അധ്യാപകരും കൂടെ നിന്നു. നെടുങ്കണ്ടം പുതിയ വീട്ടിൽ ഹരികുമാറാണ് പിതാവ്. മാതാവ് ശ്രീവിദ്യ. സഹോദരി ജാൻവി ഹരികുമാർ.



