കുഞ്ഞിനെയുമെടുത്ത് വേദിയിൽ പ്രസംഗിക്കാനെത്തിയ സംഭവം വനിതകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംബന്ധിച്ച ചർച്ചയ്ക്കു വിഷയമാകുന്നതിൽ സന്തോഷമുണ്ടെന്നു ജില്ലാ കലക്ടർ ദിവ്യ എസ്.അയ്യർ പറഞ്ഞു. ജോലി ചെയ്യുന്ന ഒട്ടേറെ വനിതകൾ വിളിക്കുകയും അവരുടെ പ്രശ്നങ്ങൾ എത്ര ലാഘവത്തോടെയാണു സമൂഹം കാണുന്നതെന്ന സങ്കടം പങ്കുവയ്ക്കുകയും ചെയ്തതായി അവർ പറഞ്ഞു.
അടൂരിൽ ചലച്ചിത്രോൽസവത്തിന്റെ സമാപന വേദിയിൽ കലക്ടർ മകൻ മൽഹാറിനെ കയ്യിലെടുത്തു നിന്നു പ്രസംഗിക്കുന്ന വിഡിയോ പ്രചരിച്ചതിനു പിന്നാലെ ഉയർന്ന ചർച്ചകളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ദിവ്യ എസ്.അയ്യർ. കലക്ടറുടെ പ്രസംഗത്തിനിടയിൽ കുട്ടി മൈക്കിൽ പിടിക്കുന്നതും താഴെ ഇറക്കിനിർത്തിയ ശേഷം പ്രസംഗം തുടരുന്നതും കാണാം.
കലക്ടറുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുയർന്നു. ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ കുഞ്ഞുമായി യുഎൻ പൊതുസഭയിൽ പങ്കെടുത്തത് ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഒട്ടേറെപ്പേർ അനുകൂലിച്ചെങ്കിലും നടപടി ശരിയായില്ലെന്നു ചിലർ ചൂണ്ടിക്കാട്ടി. കുട്ടിയെ മൈക്കിനു മുന്നിൽ കൊണ്ടുപോകേണ്ടിയിരുന്നില്ലെന്ന് കവി രാജീവ് ആലുങ്കൽ പറഞ്ഞു. അതേസമയം, അമ്മയുടെയും കുഞ്ഞിന്റെയും അവകാശങ്ങളെക്കുറിച്ച് എന്തുകൊണ്ടു ചിന്തിക്കാനാകുന്നില്ലെന്ന് എഴുത്തുകാരൻ ബെന്യാമിൻ ചോദിച്ചു.
അവധി ദിവസം സംഘടിപ്പിച്ച അനൗദ്യോഗിക പരിപാടിയിലാണു കുട്ടിയുമായി എത്തിയതെന്ന് ദിവ്യ എസ്.അയ്യരുടെ ഭർത്താവും യൂത്ത് കോൺഗ്രസ് നേതാവുമായ കെ.എസ്.ശബരീനാഥൻ പ്രതികരിച്ചു. തൊഴിൽ ചെയ്യുന്ന അമ്മമാർക്ക് ആരുടെയും സഹതാപം വേണ്ട, പ്രവർത്തിക്കാൻ പോസിറ്റീവായ ഒരു ഇടം നൽകണം. പെണ്ണുങ്ങൾ കുട്ടികളെ നോക്കി വീട്ടിലിരുന്നാൽ പോരേ എന്നു ചോദിച്ചവരെ വർഷങ്ങളുടെ പരിശ്രമം കൊണ്ടാണു തിരുത്തിച്ചതെന്നും ഇനിയും ഏറെ തിരുത്താനുണ്ടെന്നും ശബരീനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ചലച്ചിത്രോൽസവത്തിന്റെ സംഘാടകൻ കൂടിയായ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് ഫെയ്സ്ബുക്കിലൂടെ വിഡിയോ പങ്കുവച്ചത്. വൈകാതെ പിൻവലിക്കുകയും ചെയ്തു. വിവാദം അനാവശ്യമാണെന്നും മോശം കമന്റുകൾ വന്നതോടെയാണ് തന്റെ സ്റ്റാഫ് വിഡിയോ നീക്കം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
∙ ‘അവർ (ദിവ്യ എസ്.അയ്യർ) ജില്ലാ കലക്ടറായിരിക്കെ തന്നെ ഭാര്യ, അമ്മ, സുഹൃത്ത് എന്നിങ്ങനെ പലവിധ റോളുകൾ വഹിക്കുന്ന വ്യക്തി കൂടിയാണ്. അവർക്കും സ്വകാര്യനിമിഷങ്ങൾ ആവശ്യമുണ്ട്. തന്റെ കുഞ്ഞിനൊപ്പം ഇത്തിരി സമയം ചെലവഴിക്കാൻ അവർക്കും അവകാശമുണ്ട്. ആ സമയം നഷ്ടപ്പെടുത്തി സ്വകാര്യചടങ്ങിൽ പങ്കെടുക്കുമ്പോൾ കുഞ്ഞിനെ കൂടെ കൊണ്ടുപോയി എന്നതിൽ എന്താണിത്ര ആക്ഷേപിക്കാനുള്ളത്? പൊതുവേദികളിലും പാർലമെന്റിലും നിയമനിർമാണ സഭകളിലും കുഞ്ഞുങ്ങളുമായി എത്തുന്ന അനേകം രാജ്യങ്ങളിലെ അമ്മമാർക്കു നൽകുന്ന ബഹുമാനം. ഇവിടെയും നൽകാനുള്ള ബോധം എന്നാണു നമ്മൾ ആർജിക്കുക? ’ – ബെന്യാമിൻ
∙ ‘ചെറുപ്പത്തിൽ സ്കൂൾ അവധിക്കാലത്ത് കരമന കോളജിൽ അമ്മയുടെ മലയാളം ക്ലാസിൽ അമ്മയോടൊപ്പം ഇരുന്ന ബാല്യകാലം ഇന്നും മനസ്സിലുണ്ട്. ഭാര്യയായും അമ്മയായും വിവിധ റോളുകൾ കൈകാര്യം ചെയ്യുന്നതോടൊപ്പം ജോലി ചെയ്തുകൂടി മുന്നോട്ടുപോകുന്ന സ്ത്രീകൾ എത്ര പ്രതിസന്ധികൾ മറികടന്നാണ് യാത്ര തുടരുന്നതെന്നു പഠിച്ചാൽ പകുതി വിമർശനമെങ്കിലും കുറയും.’ – കെ.എസ്.ശബരീനാഥൻ
∙ വെളിപ്പെട്ടത് മലയാളിയുടെ കപടമുഖം
ഡോ. ആര്യാ ഗോപി (എഴുത്തുകാരി, അധ്യാപിക)
ഔദ്യോഗിക ജോലിയാണെങ്കിലും പൊതുവേദിയിലെ ഇടമാണെങ്കിലും എഴുത്തുകാരിയെന്ന ലേബലാണെങ്കിലും രാഷ്ട്രീയ പ്രവർത്തനമാണെങ്കിലും ഒരു സ്ത്രീ അലസതയില്ലാതെ ചുറുചുറുക്കോടെ അവരുടെ ചെറുപ്പകാലത്ത് കഠിനാധ്വാനം ചെയ്തു നേടിയെടുക്കുന്ന വിജയത്തിന്റെ വഴികളായിരിക്കുമല്ലോ? അതിനാൽ തന്നെ ജോലിക്കു വേണ്ടി കുഞ്ഞിനെയോ കുഞ്ഞിനു വേണ്ടി ജോലിയോ ഉപേക്ഷിക്കേണ്ടതില്ല. അങ്ങനെയൊരു ചിന്ത ഒരു കുറ്റബോധമായി ഉള്ളിൽ വളർത്തുന്നതു നമ്മുടെ പുരുഷാധിപത്യ സമൂഹമാണ്.
എനിക്കെന്റെ കുഞ്ഞിനെയും കൊണ്ട് എത്രയോ വേദികളിൽ ഇന്ത്യയ്ക്കകത്തും പുറത്തും സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. പ്രസംഗിക്കുമ്പോൾ ബഹളംവച്ചും കവിത ചൊല്ലുമ്പോൾ അലറിക്കരഞ്ഞും അവൻ വികൃതികാട്ടി. എന്നാലും കുഞ്ഞിന് അമ്മയ്ക്കൊപ്പമിരിക്കാനുള്ള പ്രാഥമികമായ അവകാശത്തെ ഇല്ലാതാക്കാൻ മറ്റാർക്കെങ്കിലും കഴിയുമോ?
പാർലമെന്റുകളിൽ, ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയിൽ, വിദേശകാര്യാലയങ്ങളിൽ ഒക്കെ പിഞ്ചുകുഞ്ഞിനെ മടിയിലിരുത്തി മുലകൊടുക്കുന്ന അമ്മമാരുടെ ചിത്രത്തിനു കീഴിൽ വന്ന് പ്രശംസചൊരിയുന്ന മലയാളിയുടെ കപടമുഖമാണ് ഈ വിഷയത്തിൽ വെളിപ്പെട്ടത് എന്നു തോന്നുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വാനിൽ തട്ടിനിൽക്കുന്ന ചില്ലുമേൽക്കൂരകൾ തകർത്തെറിയുക തന്നെ വേണം. ദിവ്യ എസ്. അയ്യർ വെറും ഒരമ്മയല്ല, തൊഴിലും കുടുംബവും തുല്യമനസ്സോടെ കൊണ്ടുനടക്കുന്ന പല അമ്മമാരുടെയും പ്രതിനിധിയാണ്.



