വാഷിംഗ്ടൺ: വസതിയിൽ അതിക്രമിച്ചുകയറിയ അക്രമിയുടെ ചുറ്റിക കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുഎസ് പാര്‍ലമെന്റ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവ് പോള്‍ പെലോസി ആശുപത്രി വിട്ടു. തലയ്ക്കും കൈയ്ക്കും കൈയ്ക്കും പരിക്കേറ്റിരുന്ന 82 കാരനായ പെലോസി ഇനി വസതിയിൽ ഡോക്ടറുമാരുടെ നിരീക്ഷണത്തിൽ കഴിയുമെന്ന് നാന്‍സി പെലോസി അറിയിച്ചു.
ഒക്ടോബർ 28ന് കലിഫോര്‍ണിയയിലെ വസതിയില്‍ അതിക്രമിച്ചു കയറിയ അക്രമി ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അക്രമിയായ 42 കാരൻ ഡേവിഡ് ഡിപാപ്പിനെ പിന്നീട് പോലീസ് പിടികൂടി. ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്നാണ് യുഎസ് ഹൗസ് ഓഫ് പ്രസന്റേറ്റീവ് നാന്‍സി പെലോസിയുടെ വസതിയിലേക്ക് അക്രമി എത്തിയത്.
അകത്തു കടന്നയുടന്‍ പോള്‍ പെലോസിയെ ചുറ്റിക കൊണ്ട് അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് നാന്‍സി പെലോസി എവിടെയെന്ന് ചോദിച്ച് ആക്രോശിക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മണിക്കൂറുകള്‍ക്കകം അക്രമിയെ പോലീസ് പിടികൂടി. അക്രമം നടക്കുമ്പോള്‍ നാന്‍സി പെലോസി വാഷിംഗ്ടണിലായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പോൾ പെലോസിയെ ആറു ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് സക്കർബർഗ് സാൻ ഫ്രാൻസിസ്കോ ജനറൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.



