തിരുവനന്തപുരം: പെൻഷൻപ്രായം ഉയർത്താനുള്ള ശുപാർശ അറിഞ്ഞില്ലെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാദംപൊളിയുന്നു. ഏപ്രിൽ 20-നു ചേർന്ന മന്ത്രിസഭായോഗത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് പരിഗണിച്ചിരുന്നു. അന്ന് തദ്ദേശമന്ത്രിയായിരുന്നു എം.വി. ഗോവിന്ദൻ.

ഇക്കാര്യത്തിൽ സി.പി.ഐ. മന്ത്രിമാരുടെ വാദവും പൊള്ളയാണെന്നു വ്യക്തമായി. ഒക്ടോബർ 26-നുചേർന്ന മന്ത്രിസഭായോഗത്തിലും വിഷയം വന്നിരുന്നു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള, വേതനഘടനയ്ക്കു പൊതുചട്ടക്കൂട് രൂപവത്കരിക്കാൻ തീരുമാനിച്ചെന്ന് അന്നത്തെ മന്ത്രിസഭായോഗത്തിനുശേഷമുള്ള വാർത്താക്കുറിപ്പിലും അറിയിച്ചിരുന്നു.

വസ്തുത ഇതായിരിക്കേ, സി.പി.എം. സംസ്ഥാന സെക്രട്ടറിയും സി.പി.ഐ. മന്ത്രിമാരും വിഷയം മറച്ചുവെക്കുന്നുവെന്നാണ് വിമർശനം.

സർക്കാരിനെ തിരുത്തിയത് പാർട്ടി

പെൻഷൻപ്രായം മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത് സി.പി.എം. നിർദേശത്തിൽ. പാർട്ടിയിലോ മുന്നണിയിലോ ചർച്ചചെയ്യാതെ തീരുമാനം വന്ന പ്പോൾ നേതൃത്വം തിരുത്തൽ ആവശ്യപ്പെടുകയായിരുന്നു.

സി.പി.എം. സംസ്ഥാന നേതൃയോഗങ്ങൾ വെള്ളിയാഴ്ച തുടങ്ങും.

വിവാദത്തിന് അടിസ്ഥാനമായ റിപ്പോർട്ട് ധന, വ്യവസായ വകുപ്പുകൾ പരിഗണിച്ചശേഷം മന്ത്രിസഭയിൽ വന്നതായതിനാൽ പാർട്ടി നേതൃത്വത്തിന് ഉത്തരവാദിത്വത്തിൽനിന്നൊഴിയാനാവില്ല.

ശുപാർശ അംഗീകരിച്ചത് എം.വി. ഗോവിന്ദൻ ഉൾപ്പെട്ട മന്ത്രിസഭായോഗം; തീരുമാനം പാർട്ടി അറിയാതെ

പാർട്ടി അറിയാതെയാണ് പെൻഷൻപ്രായം ഉയർത്തിയ തീരുമാനമെടുത്തതെന്നും അതു പരിശോധിക്കുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയിലും മുന്നണിയിലും ചർച്ചനടത്തിയിട്ടില്ല. അതുകൊണ്ടാണ് പെൻഷൻ തീരുമാനം മരവിപ്പിച്ചത്.

പെൻഷൻ പ്രായം ഉയർത്തേണ്ടതില്ലെന്നാണ് പാർട്ടിയുടെ നിലപാട്. ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. സംഘടനകൾ എതിർത്തതിനെ തെറ്റു പറയാനാവില്ല. -അദ്ദേഹം പറഞ്ഞു.