സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ ഇലോൺ മസ്ക് ഏറ്റെടുത്തതോടെ പല അഴിച്ചുപണികളും നടന്നിരുന്നു. ബ്ലൂടിക്ക് വെരിഫിക്കേഷന് ഇനി മുതൽ പണം നൽകണമെന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാൻ ഒരുങ്ങുകയാണെന്നും വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിനിടെ മസ്കിന്റെ മുൻകാമുകിയും അമേരിക്കൻ നടിയുമായ ആംബർ ഹേഡിന്റെ ട്വിറ്റർ അക്കാണ്ടും അപ്രത്യക്ഷമായി.

മാത്യൂ ലൂയി എന്ന യൂട്യൂബറാണ് ഹേഡിന്റെ അക്കൗണ്ട് കാണാതായത് ആദ്യം കണ്ടെത്തിയത്. തുടർന്ന് അംബ്രേല്ല ഗയ് എന്ന പേരിലുള്ള തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ലൂയി വിവരം ട്വീറ്റ് ചെയ്തു. ആംബർ ഹേഡ് അക്കൗണ്ട് ഡിലീറ്റ് ചെയ്തതാണെന്നും റിപ്പോർട്ടുകളുണ്ട്. 

ഇതിന് പിന്നിലുള്ള കാരണം വ്യക്തമല്ല. മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ പ്രമുഖരുടെ ഒരു വലിയ നിര തന്നെ ട്വിറ്ററിൽ നിന്ന് കൊഴിഞ്ഞു പോയിരുന്നു. ട്വിറ്ററുപേക്ഷിക്കുന്ന ഏറ്റവും പുതിയ സെലിബ്രിറ്റിയാണ് ഹേഡ്.

ഹോളിവുഡ് നടൻ ജോണി ഡെപ്പുമായുളള വിവാഹമോചനത്തിനു ശേഷം ആംബർ ഹേഡും ഇലോൺ മസ്കും പ്രണയബന്ധത്തിലായിരുന്നു. 2016 മുതൽ 2018 വരെ ഈ പ്രണയം നീണ്ടുനിന്നു. ഒരു വയസ് പ്രായമുള്ള ഒരു പെൺകുഞ്ഞിന്റെ അമ്മ കൂടിയാണ് ആംബർ.