ന്യൂഡൽഹി: ബിരുദപ്രവേശനത്തിന് ദേശീയതല പൊതുപരീക്ഷ (സി.യു.ഇ.ടി.) മാനദണ്ഡമായതോടെ ഡൽഹിയിലെ കോളേജുകളിൽ പ്രവേശനംനേടുന്ന കേരള സിലബസിൽ പഠിച്ച വിദ്യാർഥികളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു.ഡൽഹിയിലെ പ്രധാന സർവകലാശാലകളിൽ ഓരോവർഷവും കേരളത്തിൽനിന്ന് അയ്യായിരത്തിലേറെ വിദ്യാർഥികൾ സീറ്റ് നേടിയിരുന്നു. ഇക്കുറി ക്ലാസുകൾ തുടങ്ങിയപ്പോൾ പ്രവേശനം നേടിയത് ആയിരത്തിൽ താഴെപ്പേർ മാത്രം.
കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾ പ്രധാനമായും ഡൽഹി, അംബേദ്കർ, ജാമിയ മിലിയ എന്നീ സർവകലാശാലകളിലാണ് പ്രവേശനം നേടാറുള്ളത്. ഇക്കുറി സി.ബി.എസ്.ഇ.ക്കാർ നേട്ടമുണ്ടാക്കി. കട്ട് ഓഫ് മാർക്കായിരുന്നു ഡൽഹി സർവകലാശാലകളിൽ മുൻവർഷങ്ങളിലെ പ്രവേശനത്തിന് മാനദണ്ഡം. ഈ വർഷം മുതൽ പൊതുപരീക്ഷയിലെ മാർക്ക് മാത്രമാണ് അടിസ്ഥാനമാക്കിയത്.
ഡൽഹിയിലെ സർവകലാശാലകളിൽ പ്രവേശനം നേടിയ വിദ്യാർഥികളിൽ 50 ശതമാവും പ്ലസ്ടുവിന് സി.ബി.എസ്.ഇ. സിലബസ് പഠിച്ചവരാണ്. സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളിലെപ്പോലെ ഒന്നിലേറെ ചോയ്സുള്ള ചോദ്യങ്ങൾ (എം.സി.ക്യു.) ഉൾപ്പെടുത്തിയായിരുന്നു പൊതുപരീക്ഷയും.
കേരള സിലബസിൽ വിദ്യാർഥികൾക്ക് ഈ പരീക്ഷാരീതി കടമ്പയായി. മഴമൂലം കേരളത്തിലെ കേന്ദ്രങ്ങളിൽ പൊതുപരീക്ഷ മാറ്റിവെച്ചതും പരീക്ഷാകേന്ദ്രങ്ങളിൽ വന്ന മാറ്റവുമൊക്കെ പ്രവേശനത്തെ ബാധിച്ചെന്ന് ഡൽഹി സർവകശാലയിലെ മലയാളി വിദ്യാർഥിസംഘടനയായ മൈത്രിയുടെ വർക്കിങ് സെക്രട്ടറി ഗോവിന്ദ് ഉണ്ണികൃഷ്ണൻ പറഞ്ഞു.



