തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതായി റൂറൽ എസ്പി ഡി. ശിൽപ അറിയിച്ചു.
പ്രത്യേക സംഘത്തെ രൂപീകരിച്ചായിരിക്കും അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡും രൂപീകരിക്കുമെന്നും റൂറൽ എസ്പി അറിയിച്ചു. ആന്തരികാവയവ പരിശോധനാ ഫലം വന്നാലേ മരണകാരണം വ്യക്തമാകൂ. ആവശ്യമെങ്കിൽ തമിഴ്നാട് പോലീസിന്റെ സഹായം തേടുമെന്നും ഡി. ശിൽപ പറഞ്ഞു.
കാമുകി നല്കിയ പാനീയം കഴിച്ചശേഷം വൃക്ക ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാരോൺ മരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇരുവരും അടുപ്പത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടി വിവാഹം നടത്തി.
കഴിഞ്ഞയിടെ മറ്റൊരാളുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചതിനെചൊല്ലി ഇവരുടെ ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നു. ആദ്യം സെപ്റ്റംബറിൽ വിവാഹം നടത്താനാണ് തീരുമാനിച്ചതെങ്കിലും ഈ വര്‍ഷം നവംബറിനു മുമ്പ് വിവാഹിതയായാല്‍ ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജാതകത്തിലുള്ളത് കൊണ്ട് തീയതി മാറ്റിവച്ചെന്ന് യുവതി ഇയാളോട് പറഞ്ഞിരുന്നു.
ഈ ജാതകദോഷം തീര്‍ക്കാന്‍ യുവാവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാകാമെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ 14നാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പെണ്‍കുട്ടി നല്കിയ പാനീയം കഴിച്ച് ഛര്‍ദിച്ച് അവശനിലയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പ്രശ്നമില്ലാത്തതിനാല്‍ പിന്നീട് വിട്ടയച്ചു.
തൊട്ടടുത്ത ദിവസം വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് വെള്ളം പോലും കുടിക്കാന്‍ വയ്യാത്ത അവസ്ഥയിലേയ്ക്ക് മാറി. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനം താറുമാറായതായി ബോധ്യപ്പെട്ടു. വിഷം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.
ഇതിനു പിന്നാലെ മറ്റ് പല ആന്തരിക അവയവങ്ങളുടെയും പ്രവര്‍ത്തനം മോശമായി. ഒന്‍പത് ദിവസത്തിനിടെ ഇയാള്‍ക്ക് അഞ്ചു തവണ ഡയാലിസിസ് നടത്തി. അവസ്ഥ മോശമായതിനെ തുടര്‍ന്ന് പിന്നീട് മരിക്കുകയായിരുന്നു.



