ന്യൂ​ഡ​ല്‍​ഹി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ന്‍റെ വി​ചാ​ര​ണ ബം​ഗ​ളൂ​രു​വി​ലേക്ക് മാ​റ്റാ​ന്‍ സ്വ​പ്‌​ന​യു​ടെ ര​ഹ​സ്യ​മൊ​ഴി മ​തി​യാ​കു​മെ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് സു​പ്രീം​കോ​ട​തി​യി​ല്‍. കേ​സി​ല്‍ ക​ക്ഷി ചേ​ര്‍​ന്ന കേ​ര​ള​ത്തി​നു​ള്ള മ​റു​പ​ടി സ​ത്യ​വാം​ഗ്മൂ​ല​മാ​ണ് ഇ​ഡി സ​മ​ര്‍​പ്പി​ച്ച​ത്.

വി​ചാ​ര​ണ കേ​ര​ള​ത്തി​ല്‍​നി​ന്ന് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് പി​ന്നി​ല്‍ ബാ​ഹ്യ​സ്വാ​ധീ​ന​മി​ല്ല. കേ​സി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ അ​ട്ടി​മ​റി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ധി​കാ​രം ദു​രു​പ​യോ​ഗം ചെ​യ്‌​തെ​ന്നും സ​ത്യ​വാം​ഗ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു.

സം​സ്ഥാ​ന​ത്തെ ജൂ​ഡീ​ഷ്യ​റി സം​വി​ധാ​ന​ത്തെ ക​ള​ങ്ക​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​മാ​ണ് ഇ​ഡി നീ​ക്ക​ത്തി​നു പി​ന്നി​ലെ​ന്ന് കേ​ര​ളം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വി​ചാ​ര​ണ​മാ​റ്റു​ന്ന​ത് സം​സ്ഥാ​ന​ത്തെ ജു​ഡീ​ഷ്യ​റി​ക്ക് ക​ള​ങ്ക​മ​ല്ലെ​ന്നും നീ​തി​പൂ​ര്‍​വ​മാ​യ വി​ചാ​ര​ണ ഉ​റ​പ്പാ​ക്കാ​നാ​ണ് ആ​വ​ശ്യ​മെ​ന്നും ഇ​ഡി കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

സ്വ​പ്‌​ന​യു​ടെ മൊ​ഴി രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വാ​ദം ഇ​ഡി ത​ള്ളി​യി​രു​ന്നു. സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് സ്വ​പ്‌​ന ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി​യ​തെ​ന്നു ഇ​ഡി വെ​ള്ളി​യാ​ഴ്ച കോ​ട​തി​യെ അ​റി​യി​ച്ചു.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ന്‍റെ വി​ചാ​ര​ണ ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ന​വം​ബ​ര്‍ മൂ​ന്നി​ന് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. പ്ര​തി​ക​ള്‍​ക്ക് കേ​ര​ള​ത്തി​ല്‍ സ്വാ​ധീ​ന​മു​ള്ള​തി​നാ​ല്‍ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ അ​ട്ടി​മ​റി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി.