ദീപങ്ങളുടേയും പടക്കങ്ങളുടേയും ആഘോഷമാണല്ലോ ദീപാവലി. വെടിക്കെട്ട് എന്ന വാക്ക് ദീപാവലിക്ക് ഒപ്പം തന്നെ ക്രിക്കറ്റിനോടും ചേർന്ന് നിൽക്കുന്നതാണ്. കഴിഞ്ഞ ദിവസം ടി20 ലോകകപ്പിൽ പാകിസ്താനെതിരായ കോലിയുടെ പ്രകടനത്തെ രാജ്യത്തിനുള്ള ദീപാവലി സമ്മാനമായിരുന്നുവെന്ന് ആരാധകർ വ്യാഖ്യാനിക്കുന്നുണ്ട്.
കോലിയെ സംബന്ധിച്ചിടത്തോളം തന്റെ ക്രിക്കറ്റ് കരിയർ അവസാനിച്ചെന്ന് വിമർശിച്ചവരുടെ വാക്കുകൾക്കുള്ള മറുപടി കൂടിയായിരുന്നു എംസിജിയിലെ ഇന്നിങ്സ്. തോൽവി ഉറപ്പിച്ച് നിന്ന ഇന്ത്യൻ ടീമിനെയാണ് കോലി അസാമാന്യ മികവിലൂടെ വിജയത്തിന്റെ ആശ്വാസ തീരത്തേക്ക് എത്തിച്ചത്.
എന്നാൽ ഇതാദ്യമായിട്ടല്ല ദീപാവലിക്ക് തൊട്ടുമൻപത്തെ ദിവസം ഇന്ത്യൻ ക്രിക്കറ്റർമാർ വെടിക്കെട്ട് നടത്തുന്നത്. വിരാട് കോലിയുടെ കഴിഞ്ഞ ദിവസത്തെ ഇന്നിങ്സിന് മുൻപ് രണ്ട് താരങ്ങൾ കൂടി ദീപാവലിക്ക് തൊട്ടുമുൻപത്തെ ദിവസം ക്രിക്കറ്റ് ഗ്രൗണ്ടിൽ വെടിക്കെട്ട് നടത്തി അവിസ്മരണീയമായ ഇന്നിങ്സ് കളിച്ചിട്ടുണ്ട്.
ഒന്നാമത്തേയാൾ മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയാണ്. 2005ൽ ദീപാവലി ദിവസം നവംബർ ഒന്നിനായിരുന്നു. അതിന് തൊട്ടുമുൻപത്തെ ദിവസം ഒക്ടോബർ 31ന് ശ്രീലങ്കയ്ക്കെതിരെ ജയ്പൂരിലായിരുന്നു എംഎസ് ധോണിയുടെ ഇന്നിങ്സ്.
മൂന്നാം നമ്പർ ബാറ്ററായി ഇറങ്ങിയ ധോണി അന്ന് 145 പന്തുകളിൽ 15 ഫോറും 10 സിക്സറുകളും സഹിതം പുറത്താകാതെ അടിച്ച് കൂട്ടിയത് പുറത്താകാതെ 183 റൺസായിരുന്നു. ഇന്ത്യ തങ്ങളുടെ ആദ്യ രാജ്യാന്തര ടി20 മത്സരം പോലും കളിച്ചിട്ടില്ലാത്ത കാലത്തായിരുന്നു ഈ ഇന്നിങ്സ് എന്നതായിരുന്നു സവിശേഷത.
ധോണിക്ക് ശേഷം ദീപാവലി തലേന്ന് വെടിക്കെട്ട് ബാറ്റിങ് നടത്തിയ ബാറ്റർ ഇപ്പോഴത്തെ ഇന്ത്യൻ നായകൻ രോഹിത് ശർമയാണ്. 2013ലെ ദീപാവലി തലേന്ന് ആയിരുന്നു ഈ ഇന്നിങ്സ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്ക് എതിരെയായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. മൂന്ന് ഏകദിന ഡബിൾ സെഞ്ച്വുറി നേടിയിട്ടുള്ള ഹിറ്റ്മാന്റെ ആദ്യ ഇരട്ടസെഞ്ചുറി പിറന്നത് അന്നായിരുന്നു.
ഓപ്പണായി ഇറങ്ങിയ രോഹിത് 158 പന്തുകൾ നേരിട്ട് 209 റൺസാണ് നേടിയത്. 12 ഫോറും 16 സിക്സറുകളും നിറഞ്ഞതായിരുന്നു ഇന്നിങ്സ്. സച്ചിൻ ടെൻഡുൽക്കർ, വിരേന്ദർ സെവാഗ് എന്നിവർക്ക് ശേഷം ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇരട്ടസെഞ്ചുറി നേടുന്ന താരമെന്ന ബഹുമതിയും അന്ന് ഹിറ്റ്മാൻ സ്വന്തം പേരിലാക്കിയിരുന്നു.



