ഉപ്പുതറ: ആദിവാസി യുവിനെ വനംവകുപ്പ് കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ഫോറസ്റ്ററെ സ്ഥലംമാറ്റി. ആരോപണ വിധേയനായ ഫോറസ്റ്റർ അനിൽ കുമാറിനെ പെരിയാർ ടൈഗർ റിസർവിലേക്കാണ് സ്ഥലംമാറ്റിയത്. വകുപ്പുതല അന്വേഷണം നടക്കുകയാണെന്ന് വനം മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മുല്ല ഊരിലെ പുത്തൻപുരയ്ക്കൽ സരിൻ സജി(24)യെ കാട്ടിറച്ചി വിൽപ്പനയ്ക്ക് കൊണ്ടുപോയി എന്നാരോപിച്ചാണ് സെപ്റ്റംബർ 29-ന് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. എന്നാൽ, ഇത് കള്ളക്കേസാണെന്ന് ആരോപിച്ച് ആദിവാസി സംഘടകൾ പ്രതിഷേധവുമായി രംഗത്തുവരുകയായിരുന്നു. സി.പി.എമ്മും സി.പി.ഐ.യും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ആരോപണം ഇങ്ങനെ
കാട്ടിറച്ചി വിൽപ്പനയ്ക്ക് കൊണ്ടുപോകുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സരിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. യുവാവിന്റെ ഓട്ടോറിക്ഷയിൽനിന്ന് മ്ലാവിന്റേതെന്ന് കരുതുന്ന രണ്ട് കിലോ ഇറച്ചി കിട്ടിയെന്നാണ് വനംവകുപ്പ് പറയുന്നത്.
എന്നാൽ, ഇത് കെട്ടിച്ചമച്ചതാണെന്ന് പ്രതിഷേധക്കാർ പറയുന്നു. സെപ്റ്റംബർ 29-ന് രാവിലെ ആറോടെ സരിന്റെ ഓട്ടോറിക്ഷ പരിശോധനയ്ക്ക് ശേഷം സെക്ഷൻ ഓഫീസിന് കീഴിലുള്ള വൻമാവ് ചെക്ക് പോസ്റ്റ് കടന്നുപോയതാണ്. ഒന്നുംതന്നെ കണ്ടെത്തിയിരുന്നില്ല.
പിന്നീട് യുവാവ് ഓട്ടോറിക്ഷ വളകോട്ട് പാർക്ക് ചെയ്തതിനുശേഷം കെ.എസ്.ആർ.ടി.സി.യിൽ പാലായിലേക്ക് പോയി. വാഗമണ്ണിൽ എത്തിയപ്പോൾ ഫോറസ്റ്റുകാർ വിളിക്കുകയും തിരിച്ചുവരാൻ ആവശ്യപ്പെടുകയും ചെയ്തു. അതുപ്രകാരം തിരിച്ചെത്തിയപ്പോൾ ചെക്ക് പോസ്റ്റിൽവെച്ച് അകാരണമായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു എന്നാണ് ആരോപണം.
കസ്റ്റഡിയിൽ എടുത്തശേഷം ഇറച്ചി വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ ഓട്ടോറിക്ഷയിൽ വെച്ചതാണെന്നാണ് പ്രതിഷേധക്കാർ പ്രധാനമായും പറയുന്നത്. സരിനെ ക്രൂരമായി മർദിക്കുകയും ചെയ്തു.
നടപടിക്രമങ്ങളിലും സംശയം
ഇത്തരം കേസുകളിൽ റേഞ്ച് ഓഫീസർതൊട്ടുമുകളിലേക്കുള്ള ഉദ്യോഗസ്ഥനാണ് മഹസർ തയ്യാറാക്കി ഒപ്പിട്ട് കോടതിക്ക് നൽകേണ്ടത്. എന്നാൽ, ഇവിടെ ഫോറസ്റ്ററാണ് ഒപ്പിട്ടിരിക്കുന്നത്. സംഭവസ്ഥലത്തേക്ക് റേഞ്ച് ഓഫീസർ എത്തിയിരുന്നു.
എന്നിട്ടും അദ്ദേഹം ഒപ്പിടാത്തത് കള്ളക്കേസാണെന്ന് ബോധ്യമുള്ളതിനാലാണെന്നാണ് സമരസമിതിയും ബന്ധുക്കളും ആരോപിക്കുന്നത്.
ഇത്തരം കേസുകളിൽ സാധാരണഗതിയിൽ അത്രപെട്ടെന്ന് ജാമ്യം ലഭിക്കാറില്ല. എന്നാൽ, ഈ കേസിൽ സരിന് 11-ാം ദിവസം ജാമ്യം ലഭിച്ചു. ഇത് നടപടിക്രമങ്ങളിലെ വീഴ്ചകൾ കോടതിക്ക് മനസ്സിലായതിനാലാണെന്നും സമരസമിതി പറയുന്നു. കാട്ടിറിച്ചിയാണെന്ന് തെളിയിക്കാനുള്ള പരിശോധന ഇതുവരെ നടന്നിട്ടില്ല.
എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നടപടി ക്രമങ്ങളെല്ലാം പാലിച്ചിരുന്നുവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിൽ സനോജ്, സനിൽ എന്നിവർക്ക് എതിരേയും കേസ് എടുത്തിരുന്നു. ഇവർ ഇപ്പോഴും ഒളിവിലാണ്.
സമ്മർദം ഏറെ, ഊരുക്കൂട്ടങ്ങൾ സഹകരിക്കില്ല
വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും ഉന്നതരാഷ്ട്രീയ നേതൃത്വവും സമരം നിർത്തണം എന്നാവശ്യപ്പെട്ട് നിരന്തരം സമ്മർദം ചെലുത്തുന്നതായി സമരസമിതി ആരോപിച്ചു. എന്നാൽ, കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി അവർ പറഞ്ഞു.
ഉദ്യോഗസ്ഥർക്ക് എതിരേ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി 25 മുതൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസിനുമുന്നിൽ നിരാഹാര സത്യാഗ്രഹം തുടങ്ങാനും തീരുമാനിച്ചു. സത്യാഗ്രഹം ഉദ്ഘാടനം ചെയ്യാൻ ആദിവാസി രാജാവും തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് കുടികളിൽനിന്ന് കൂടുതൽ ആദിവാസികൾ എത്തുകയും ചെയ്യുന്നതോടെ പ്രക്ഷോഭം ശക്തമാകും എന്ന് നേതാക്കൾ പറഞ്ഞു. ഉദ്യോഗസ്ഥരുടെ പേരിൽ നടപടി ഉണ്ടാകുംവരെ വനംവകുപ്പ് നടപ്പാക്കുന്ന ഒരു പദ്ധതികളിലും ഇക്കോ െഡവലപ്മെന്റ് കമ്മിറ്റികളും (ഇ.ഡി.സി.) ഊരുക്കൂട്ടങ്ങൾ സഹകരിക്കില്ല.
ദുരിതങ്ങൾ അതിജീവിച്ച് മൂന്ന് റാങ്ക് ലിസ്റ്റുകളിൽ
ബി.കോം. ബിരുദധാരിയായ സരിൻ പി.എസ്.സി. യുടെ മൂന്ന് റാങ്ക് ലിസ്റ്റിലുമുണ്ട്. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് വരാനുമുണ്ട്. ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞ സാഹചര്യത്തെ അതിജീവിച്ചാണ് സരിൻ ഇവിടെവരെയെത്തിയത്. നിർധന കുടുംബമാണ്. അടച്ചുറപ്പുള്ള വീടുപോലുമില്ല. അച്ഛൻ കൂലിപ്പണി ചെയ്താണ് മകനെ പഠിപ്പിച്ചത്. സരിന് ഒരു ഓട്ടോറിക്ഷയുണ്ട്. ഇത് ഓടിച്ച് കിട്ടുന്ന വരുമാനംകൊണ്ടുകൂടിയാണ് കുടുംബം പുലർന്നിരുന്നത്. അതിപ്പോൾ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്.
സരിന് സർക്കാർ ജോലി കിട്ടുമ്പോൾ കഷ്ടപ്പാടുകൾ എല്ലാം അവസാനിക്കുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. അതിനാൽ, സത്യസന്ധമായ അന്വേഷണം നടത്തി സരിന്റെ നിരപരാധിത്വം തെളിയിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നു.



