മുൻ മുഖ്യമന്ത്രി വി.എസ്സിന് ഇന്ന് 99-ാം പിറന്നാൾ. മകന്‍ വി.എ. അരുണ്‍ കുമാറിന്‍റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലിലെ വീട്ടിലാണ് അദ്ദേഹമുള്ളത്.

പക്ഷാഘാതത്തെ തുടര്‍ന്ന് 2019 മുതലാണ് വി.എസ് പൊതുജീവതത്തില്‍നിന്ന് അകന്നത്. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാറിന്‍റെ ആദ്യകാലം വരെയും ഭരണപരിഷ്കാര കമീഷന്‍ അധ്യക്ഷന്‍ എന്നനിലയില്‍ വി.എസിന്‍റെ പൊതുജീവിതം സംഭവബഹുലമായിരുന്നു.

അസുഖ ബാധിതനായതോടെ അണുബാധ ഉണ്ടാവാതിരിക്കാന്‍ ഡോക്ടര്‍മാര്‍ കര്‍ശന നിയന്ത്രണമാണ് സന്ദര്‍ശകര്‍ക്ക് കുടുംബം ഏല്‍പ്പിച്ചിരിക്കുന്നത്. അതിനാല്‍ ഭാര്യ വസുമതി മകന്‍, മകള്‍, മരുമക്കള്‍, ചെറുമക്കള്‍ എന്നിവര്‍ക്കൊപ്പമാവും വി.എസിന്‍റെ പിറന്നാള്‍ ഇന്ന്.

90 വയസ്സ് വരെയും പുലര്‍ച്ചയുള്ള 20 മിനിറ്റ് നടത്തം, യോഗ, അഞ്ചു മണിക്കൂര്‍ നടത്തം എന്നിവയിലൂടെയായിരുന്നു വി.എസിന്‍റെ ദിനചര്യ ആരംഭിച്ചിരുന്നത്.

1923 ഒക്ടോബര്‍ 20നാണ് വി.എസ്. അച്യുതാനന്ദന്‍ എന്ന വെന്തലത്തറ ശങ്കരന്‍റെ മകന്‍ അച്യുതാനന്ദന്‍റെ ജനനം. വി. എസിന്‍റെ ജന്മദിനം ആഘോഷിക്കാന്‍ ആലപ്പുഴയിലെ നാട്ടുകാര്‍ ഒരുക്കം പൂര്‍ത്തിയാക്കി. ഇന്ന് പതിവുപോലെ പായസവിതരണം നടത്തിയാണ് പ്രിയ സഖാവിന്‍റെ പിറന്നാള്‍ നാട്ടുകാര്‍ ആഘോഷിക്കുന്നത്.

വി.എസിന്‍റെ വീടിനടുത്തുള്ള അസംബ്ലി ജങ്ഷനിലാണ് പായസവിതരണം. അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കളും മകന്‍ അരുണ്‍കുമാറിന്‍റെ സഹപാഠികളും സുഹൃത്തുക്കളും ചേര്‍ന്നാണ് ആഘോഷം സംഘടിപ്പിക്കുന്നത്.