ചെന്നൈ: ദീപാവലിയോടനുബന്ധിച്ച് ജീവനക്കാരെയെല്ലാം വില കൂടിയ സമ്മാനങ്ങൾ നൽകി ഞെട്ടിച്ച് ചെന്നൈയിലെ ഒരു ജുവലറി ഉടമ. 1.2 കോടി വിലമതിക്കുന്ന കാറുകളും ബൈക്കുകളുമാണ് ജയന്തി ലാൽ ചയന്തി എന്നയാൾ സഹപ്രവർത്തകർക്കും ജീവനക്കാർക്കും സമ്മാനമായി നൽകിയത്. കടയുമയുടെ ഈ അപ്രതീക്ഷിത തീരുമാനത്തിൽ അമ്പരന്നിരിക്കുകയാണ് ജീവനക്കാരും അവരുടെ കുടുംബവും.

‘എല്ലാവരുടെയും ജോലിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ സമ്മാനം. എന്റെ ബിസിനസിലെ എല്ലാ ഉയർച്ചയിലും താഴ്ചയിലും ഇവർ എന്നോടൊപ്പമുണ്ടായിരുന്നു. ബിസിനസിൽ നിന്ന് ലാഭം നേടാൻ ഇവർ എന്നെ സഹായിച്ചു. ഇവർ എന്റെ ജോലിക്കാർ മാത്രമല്ല, കുടുംബം കൂടിയാണ്. ഇത്തരം സർപ്രൈസുകൾ നൽകിക്കൊണ്ട് എനിക്ക് ഇവരെ കുടുംബാംഗങ്ങളെപ്പോലെ നോക്കണം. ഇവർക്കെല്ലാം സമ്മാനം നൽകിയതിന് ശേഷം ഞാൻ വളരെയധികം സന്തുഷ്ടനാണ്. എല്ലാ ഉടമകളും തങ്ങളുടെ ജീവനക്കാർക്കും സഹപ്രവർത്തകർക്കും സമ്മാനങ്ങൾ നൽകി ആദരിക്കണം’, ജയന്തിലാൽ പറഞ്ഞു.

10 കാറുകളും 20 ബൈക്കുകളുമാണ് ജയന്തി ലാൽ ജീവനക്കാർക്ക് നൽകിയത്. കടയുടമയ്ക്ക് ജീവനക്കാരോടുള്ള സ്നേഹം സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.