മുംബൈ: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട അഴിമതി കേസിൽ മുംബൈ മുൻ പോലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെ അറസ്റ്റിൽ. സിബിഐയാണ് പാണ്ഡെയെ അറസ്റ്റ് ചെയ്തത്. നേരത്തെ അദ്ദേഹത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതേ കേസിൽ അറസ്റ്റു ചെയ്തിരുന്നു.
സഞ്ജയ് പാണ്ഡെയുമായി ബന്ധമുള്ള ഒരു സ്ഥാപനം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 91 ഉദ്യോഗസ്ഥരുടെ ഫോണുകൾ ചോർത്തിയതായി ഇഡി നേരത്തേ കണ്ടെത്തിയിരുന്നു.
2001 മാർച്ചിൽ നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ സെക്യൂരിറ്റി ഓഡിറ്റ് നടത്തിയത് സഞ്ജയ് പാണ്ഡെയ്ക്ക് ബന്ധമുള്ള ഐസെക് സെക്യൂരിറ്റീസ് എന്ന കമ്പനിയായിരുന്നു. മാനേജിംഗ് ഡയറക്ടർ ചിത്ര രാമകൃഷ്ണന്റെയും രവി നരെയ്ന്റെയും നിർദ്ദേശപ്രകാരമായിരുന്നു ഇത്. ഈ കാലഘട്ടത്തിൽ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.
അഴിമതി കേസുകളിൽ സഞ്ജയ് പാണ്ഡെയ്ക്കും ചിത്ര രാമകൃഷ്ണനും രവി നരെയ്നുമെതിരെ സിബിഐ കേസുകളും നിലവിലുണ്ട്. സഞ്ജയ് പാണ്ഡെയുടെ കമ്പനിക്ക് ഓഡിറ്റ് നടത്താനുള്ള പരിജ്ഞാനം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ചെറിയ തുകകൾ നൽകി പാണ്ഡെയുടെ കമ്പനി ചെറുകിട കമ്പനികൾക്ക് ഉപകരാറുകൾ നൽകി. ഇതുമായി ബന്ധപ്പെട്ട് 12.5 കോടി രൂപ പാണ്ഡെയുടെ കമ്പനി കൈപ്പറ്റി. ഇതിൽ 4.45 കോടി രൂപ അനധികൃതമായി ടെലിഫോൺ ചോർത്തിയതിനാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.



