ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി. നിസാമാബാദ്, കുർണൂൽ, ഗുണ്ടൂർ, നെല്ലൂർ ജില്ലകളിലായി 23 കേന്ദ്രങ്ങളിൽ എൻഐഎ ഉദ്യോഗസ്ഥരുടെ സംഘം ഒരേസമയം തിരച്ചിൽ നടത്തുകയാണ്. അക്രമത്തിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും പ്രേരണ നൽകിയതുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
പ്രദേശത്തെ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡുകളെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. ഈ തിരച്ചിലിനിടയിൽ പിഎഫ്ഐ ജില്ലാ കൺവീനർ ഷാദുള്ള, അംഗങ്ങളായ മുഹമ്മദ് ഇമ്രാൻ, മുഹമ്മദ് അബ്ദുൾ മൊബിൻ എന്നിവരെ ഉദ്യോഗസ്ഥർ ഇതിനകം തന്നെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കരാട്ടെ പഠിപ്പിക്കുന്നതിന്റെ മറവിൽ അക്രമത്തിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും/പരിശീലനത്തിനും പ്രേരിപ്പിച്ചതിനുമാണ് ഇവരെ ചോദ്യം ചെയ്യുന്നത്. നന്ദ്യാലിലും കുർണൂലിലും റെയ്ഡിനെതിരെ പ്രതിഷേധങ്ങൾ നടന്നു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് റെയ്ഡ് നടക്കുന്നത്. ഇവിടെ ഷാഹിദ് ചൗസിഹ് എന്നയാളുടെ വീട്ടിൽ എൻഐഎ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇയാളുടെ പാസ്പോർട്ടും ബാങ്ക് പാസ്ബുക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച ഹൈദരാബാദ് എൻഐഎ ഓഫീസിൽ ഹാജരാകാനും ഇയാൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നെല്ലൂർ ജില്ലയിലെ ബുച്ചിറെഡ്ഡിപാലം ടൗണിലെ ഖാജാ നഗർ മേഖലയിൽ പുലർച്ചെ മുതൽ എൻഐഎ തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മൂന്ന് മാസമായി കാണാതായ ഇല്യാസ് എന്ന വ്യക്തിയുടെ വസതിയിലും ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നുണ്ട്.



