ഹൂസ്റ്റണ്‍: കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നിഷ്യൻ ആസോസിയേഷൻ (കെപിഎംടിഎ) ന്റെ ആഭിമുഖ്യത്തിൽ സംഘടനയുടെ സ്ഥാപക പ്രസിഡന്റും അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകനുമായ പി.പി. ചെറിയാനു . ന്ധനൊസ്റ്റാൾജിയ 1994ന്ധ എന്നു പേരിട്ടിരിക്കുന്ന സമ്മേളനത്തിൽ ഹൃദ്യമായ സ്വീകരണം നൽകി. 1994 ൽ രൂപം കൊണ്ട സംഘടനയുടെ ആദ്യകാല പ്രവർത്തകരും ഇപ്പോഴത്തെ പ്രവർത്തകരും ചേർന്നാണ് സ്വീകരണ സമ്മേളനം ഒരുക്കിയത്.
സെപ്റ്റംബർ 14 ബുധനാഴ്ച വൈകുന്നേരം നാലിന് തൃശൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ പേൾ റീജൻസിയിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. ബാബു (കോഴിക്കോട്) അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷെരിഫ് പാലോളി (മലപ്പുറം) സ്വാഗതം പറഞ്ഞു.
പി.സി. കിഷോർ (കോഴിക്കോട്) ഇ.സി. ജോസ്, പ്രമീള (തൃശൂർ ജില്ലാ പ്രസിഡന്റ്), ലാലി ജെയിംസ് (തൃശൂർ കോർപറേഷൻ കൗണ്‍സിലർ) പി.വി. സണ്ണി മുൻ (കേരളവർമ കോളേജ് യൂണിയൻ മുൻ ചെയർമാൻ) ലാബ് ഓണർസ് അസോസിയേഷനെ പ്രതിനിധീകരിച്ചു ആന്റണി എലിജിയസ് (എറണാകുളം) എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
അമേരിക്കയിൽ മെഡിക്കൽ ലാബ് ആൻഡ് എക്സ്റേ രംഗത്തും, പത്രപ്രവർത്തന രംഗത്തും പ്രാഗൽഭ്യം തെളിയിച്ചുകൊണ്ടിരിക്കുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ കൂടിയായ പി.പി. ചെറിയാൻ സംഘടനയുടെ സ്ഥാപക പ്രസിഡന്റാണെന്നതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കെ. ബാബു ചെറിയാനെ പൊന്നാട അണിയിച്ചു ആദരിച്ചു.
സംഘടനയുടെ ആരംഭത്തെക്കുറിച്ചു മുൻ സ്ഥാപക സെക്രട്ടറി പി.സി. കിഷോർ വിശദീകരിച്ചു. പങ്കെടുത്ത എല്ലാവരും തങ്ങളുടെ പൂർവകാല സ്മരണകൾ പങ്കുവച്ചു.
കേരളത്തിൽ ലബോറട്ടറി മെഡിസിൻ രംഗത്ത് കേരളാ പ്രൈവറ്റ് മെഡിക്കൽ ടെക്നിഷ്യൻസ് അസോസിയേഷൻ എന്ന സംഘടനയ്ക്ക് സംസ്ഥാന തലത്തിൽ തുടക്കം കുറിച്ചത് 1994ൽ തൃശൂരിൽ വച്ചായിരുന്നു. അസോസിയേഷന്റെ ആദ്യകാല സംഘാടകരായി പ്രവർത്തിച്ചവർ പി.പി. ചെറിയാൻ, കെ.എ. പ്രസാദ്, ജോസ്, ടി.എ.വർക്കി , വിജയൻപിള്ള, കെ.പി. ദിവാകരൻ തുടങ്ങിയവരായിരുന്നു.
ട്രഷറർ അസ്ലം മിഡിനോവ (കണ്ണൂർ) ’നൊസ്റ്റാൾജിയ 1994’ ഒരു അവിസ്മരണീയ ചടങ്ങാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി അറിയിച്ചു.



