വിർജീനിയ: പ്രശസ്ത സംഗീത സംവിധായകൻ ഇഗ്നേഷ്യസ് (ബേർണി- ഇഗ്നേഷ്യസ്) നോർത്തേണ്‍ വിർജീനിയ സെന്റ് ജൂഡ് സീറോ മലബാർ ഇടവകാംഗങ്ങളുമായി തന്റെ മൂന്നു പതിറ്റാണ്ട് നീണ്ട സംഗീതലോകത്തെ അനുഭവങ്ങൾ പങ്കിട്ടു. 2022 ഓഗസ്റ്റ് 27-ന് പാരീഷ് ഹാളിൽ വച്ചു നടന്ന മീറ്റ് ആൻഡ് ഗ്രീറ്റിൽ അന്‍പതോളം പാരീഷ് അംഗങ്ങൾ പങ്കുചേർന്നു. 1992-ൽ കാഴ്ചയ്ക്കപ്പുറം എന്ന ചിത്രത്തിലൂടെ സംഗിത സംവിധായകനായി അരങ്ങേറ്റം കുറിച്ച ബേർണി – ഇഗ്നേഷ്യസ് 1994-ൽ പ്രിയദർശൻ സംവിധാനം ചെയ്ത തേ·ാവിൻകൊന്പത്ത് എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തരായത്. 1994 മുതൽ 2019 വരെ ചലച്ചിത്ര രംഗത്ത് തിളങ്ങിനിന്ന ബേർണി – ഇഗ്നേഷ്യസ് ദ്വയം എഴുപതോളം ചിത്രങ്ങൾക്ക് സംഗീതം നൽകി. ആയിരത്തോളം ക്രിസ്ത്യൻ ഭക്തിഗാനങ്ങളും ഇവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.
തികച്ചും അനൗപചാരികമായി സംഘടിപ്പിച്ച പരിപാടിക്ക് ട്രസ്റ്റി ഷാജു ജോസഫ്, സജിത് തോപ്പിൽ, ക്വയർ കോർഡിനേറ്റർ അലക്സ് ജേക്കബ് എന്നിവർ നേതൃത്വം നൽകി. മലയാളത്തിലെ മുൻനിര ഗായകരുടേയും സംവിധായകരുടേയും ഒപ്പം പ്രവർത്തിച്ച അനുഭവങ്ങളും, ചലച്ചിത്ര രംഗത്തേക്ക് തങ്ങൾ എത്തിച്ചേർന്ന കഥകളും നർമ്മത്തിന്റെ മേന്പൊടിയോടെ അവതരിപ്പിച്ച ഇഗ്നേഷ്യസ്, സഹോദരൻ ബേർണിയുമായുള്ള ആത്മബന്ധത്തിന്റെ തീവ്രതയും പങ്കുവച്ചു.
തേ·ാവിൻ കൊന്പത്ത്, കല്യാണരാമൻ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതിന് പിന്നിലെ രസകരമായ കഥകൾ കേൾവിക്കാർക്കും ഒരു പുത്തൻ അനുഭവമായി. സിനിമയിലെ രംഗങ്ങളും പാട്ടിന്റെ വരികളും അതിലെ സംഗീതവും ഒന്നിച്ചുചേർക്കുന്ന മാജിക് മജീഷ്യന്റെ തന്നെ വാക്കുകളിൽ കൂടി കേട്ടത് സിനിമാലോകവുമായി അത്രയൊന്നും പരിചിതരല്ലാത്ത പാരീഷ് അംഗങ്ങളിൽ കൗതുകമുണർത്തി.
ആകാശത്തിന്റെ കീഴിൽ വേറൊരു നാമമില്ലല്ലോ…, ആഹ്ലാദചിത്രരായ് തുടങ്ങി…ചിരപരിചിതമായ പല ക്രിസ്ത്യൻ ഭക്തിഗാനങ്ങൾക്കും സംഗീതം നൽകിയത് ഇവരാണെന്നത് പലർക്കും ഒരു പുതിയ അനുഭവമായിരുന്നു. കാരുണ്യപൂർണനാം ഈശോയെ നിന്നെ ഞാൻ പാരവശ്യത്തോടെ വാഴ്ത്തിടുന്നേ….എന്ന ആരാധനാ ഗാനവും ഇടവകാംഗങ്ങളെ പഠിപ്പിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്.
നോർത്തേണ്‍ വിർജീനിയയിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്യുന്ന പുത്രൻ അഷിന്റെ കുടുംബത്തെ സന്ദർശിക്കുന്ന വേളയിലാണ് സെന്റ് ജൂഡ് ഇടവകയിൽ ഒരു സായാഹ്നം ചെലവഴിക്കാൻ അദ്ദേഹം കുടുംബത്തോടൊപ്പമെത്തിയത്. ക്വയർ ടീം അംഗങ്ങളായ ടാന്യ ഷിജു, ഇവാ മാത്യു, സോനാ ടോമി, അലീന ജോസ്, അബിഗെയ്ൽ ചെറുവത്തൂർ എന്നിവരുടെ ഗാനങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടി. ഇടവക വികാരി ഫാ. നിക്കോളാസ് തലകെട്ടൂർ നന്ദിപറഞ്ഞ യോഗം അത്താഴത്തോടെ സമാപിച്ചു.



