ഇടുക്കി: കെഎസ്ആര്‍ടിസിയിലെ ഡ്യൂട്ടിപരിഷ്‌കരണത്തിനെതിരെ തൊഴിലാളികള്‍ പ്രഖ്യാപിച്ച സമരത്തിനെതിരെ ആഞ്ഞടിച്ച് ഗതാഗത മന്ത്രി ആന്‍റണിരാജു. സമരത്തില്‍ പങ്കെടുക്കുന്ന ആരും അഞ്ചാംതീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്നു മന്ത്രി മുന്നറിയിപ്പ് നല്‍കി.
12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി എന്ന വ്യവസ്ഥ തൊഴിലാളികള്‍ നേരത്തെ അംഗീകരിച്ചതാണ്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറല്ലെന്നും മന്ത്രി പറഞ്ഞു.
ഡ്യൂട്ടിപരിഷ്‌കരണത്തിനെതിരെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫാണ് സമരം പ്രഖ്യാപിച്ചത്. അടുത്ത മാസം ഒന്ന് മുതലാണ് സമരം. കെഎസ്ആര്‍ടിസി എംഡിക്ക് ഇതു സംബന്ധിച്ച നോട്ടീസ് നല്‍കിയിട്ടുണ്ട്.
അതേസമയം എല്ലാ മാസവും അഞ്ചിനു മുമ്പ് ശമ്പളം നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതിനാല്‍ സമരനടപടികള്‍ വേണ്ടെന്നാണ് സിഐടിയൂ, ബിഎംഎസ്, എഐടിയുസി എന്നീ സംഘടനകളുടെ തീരുമാനം.



