ന്യൂഡൽഹി: ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ രാണ്ടാം സ്ഥാനത്തെത്തി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ആമസോൺ മേധാവി ജെഫ് ബെസോസിനെയാണ് അദാനി മറികടന്നത്.
ഫോർബ്സ് മാസികയുടെ റിയൽ ടൈം ബില്യണേഴ്സ് പട്ടികയിൽ അദാനിയുടെ വളർച്ച. 155.7 ബില്യൺ ഡോളാണ് അദാനിയുടെ ആസ്തി. 5.5 ബില്യൺ ഡോളറിന്റെ വളർച്ചയാണ് അടുത്തകാലത്ത് ഉണ്ടായത്. ടെസ്ലയുടെ ഇലോൺ മസ്കാണ് അദാനിയുടെ മുന്നിലുള്ളത്. 273.5 ബില്യൺ ഡോളർ ആസ്തിയുമായി ലോകത്തിലെ ഏറ്റവും വലിയ ധനികനായി മസ്ക് തുടരുകയാണ്.
ഫ്രാൻസിന്റെ ബെർണാഡ് അസോൾട്ടാണ് പട്ടികയിൽ മൂന്നാമത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആകെ ആസ്തി ഏകദേശം 155.2 ബില്യൺ ഡോളറാണ്. പുതിയ സമ്പന്ന പട്ടികയിൽ ആമസോൺ മുതലാളി ബെസോസ് നാലാം സ്ഥാനത്തേക്കിറങ്ങി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ചെയർമാൻ മുകേഷ് അംബാനി പട്ടികയിൽ എട്ടാം സ്ഥാനത്താണ്. 92 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.



