ജമ്മുകശ്മീരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്ന ഗുലാം നബി ആസാദിന് ഭീകര സംഘടനയുടെ വധ ഭീഷണി. ഗുലാം നബി ആസാദിന്റെ കശ്മീർ റാലി തുടരാനിരിക്കെയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതുംബന്ധിച്ച പോസ്റ്ററുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള റെസിസ്റ്റൻസ് ഫ്രണ്ട് ഭീകര സംഘടനയാണ് ഭീഷണിയ്ക്ക് പിന്നിൽ. 

‘രാജ്യദ്രോഹിയുടെ ഹൃദയത്തിൽ വിശ്വസ്തതയില്ല, വിശ്വാസ്യത കാണിക്കാനുള്ള വ്യാജഭാവം മാത്രമെയുള്ളൂ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. കൂടാതെ ഗുലാം നബി ആസാദിനെ രാഷ്ട്രീയ ചാമലിയൻ എന്നും പോസ്റ്ററിൽ വിശേഷിപ്പിക്കുന്നുണ്ട്. കശ്മീരിലെ രാഷ്ട്രീയത്തോടുള്ള ആസാദിന്റെ താൽപര്യം ആസൂത്രിതമായ നീക്കമാണെന്നും ഗുലാം നബി ആസാദ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നും പോസ്റ്ററിൽ പറയുന്നു.

രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് മുതിർന്ന കോൺഗ്രസ് നേതാവായ ഗുലാം നബി ആസാദ് രാജിവെച്ചത്.  രാഹുലിന്റെ എല്ലാ തീരുമാനങ്ങളും തെറ്റായിരുന്നുവെന്ന് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. രാജിയ്ക്ക് പിന്നാലെ  ദേശീയ പാർട്ടി രൂപീകരിക്കുമെന്നും ഗുലാം നബി ആസാദ് പറഞ്ഞിരുന്നു.