തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകളെ ന്യായീകരിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇടത് മന്ത്രിമാർ ഒരു ധൂർത്തിനും വിധേയരാകില്ല. സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് വിദേശയാത്ര നടത്തുന്നത്. കഴിഞ്ഞ 15 മാസത്തിനിടെ താൻ പോയത് യുഎഇ മാത്രമാണെന്നും റിയാസ് പറഞ്ഞു.
ആലുവ – പെരുന്പാവൂർ റോഡിലെ അറ്റകുറ്റപണി വൈകാൻ കാരണം കിഫ്ബിയുമായുള്ള തർക്കം കാരണമാണ്. 24 മീറ്റർ വീതി വേണമെന്നാണ് കിഫ്ബിയുടെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, അറ്റകുറ്റപ്പണി കഴിഞ്ഞ് ദിവസങ്ങൾ മാത്രം ആയ ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. അപകടത്തിനു പിന്നാലെ നാട്ടുകാർ റോഡിലെ കുഴികൾ കല്ലും മണ്ണും ഉപയോഗിച്ച് അടച്ചു. 10 ലക്ഷം രൂപ ചെലവാക്കിയാണ് 22 ദിവസം മുമ്പ് ആലുവ പെരുമ്പാവൂർ റോഡിലെ കുഴികൾ അടച്ചത്. എന്നാൽ ദിവസങ്ങൾക്കുളളിൽ റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.



