ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ വിമരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിമരമിക്കുന്നതായി ഉത്തപ്പ അറിയിച്ചു. 2007 ൽ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു പാതിമലയാളിയായ ഉത്തപ്പ.
ഇന്ത്യയ്ക്ക് വേണ്ടി 2006 ൽ അരങ്ങേറ്റം കുറിച്ച റോബിൻ ഉത്തപ്പ 46 ഏകദിനങ്ങളിലും 13 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ ആറ് അർധസെഞ്ചുറിയടക്കം 934 റൺസ് നേടിയ ഉത്തപ്പ ടി20 ക്രിക്കറ്റിൽ 249 റൺസ് നേടിയിട്ടുണ്ട്.
ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ അവസാനത്തെ മത്സരത്തിലാണ് ഉത്തപ്പ ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റത്തിൽതന്നെ മികച്ച പ്രകടനം കാഴ്ചവച്ച അദ്ദേഹം 86 റൺസുമായി നിൽക്കുമ്പോൾ റണ്ണൗട്ടായി. ഒരു ഇന്ത്യൻ താരം നിശ്ചിത ഓവർ മത്സരങ്ങളിലെ അരങ്ങേറ്റത്തിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.
കർണാട കുടക് സ്വദേശിയായ വേണു ഉത്തപ്പയാണ് അച്ഛൻ. അമ്മ റോസെലിൻ കോഴിക്കോട് സ്വദേശിയാണ്.



