പെർത്ത്: ഓമനിച്ചുവളർത്തിയ കംഗാരുവിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. ഓസ്ട്രേലിയയിലെ റെഡ്മണ്ടിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. മരിച്ചയാൾക്ക് 77 വയസുണ്ട്.
ബന്ധുക്കൾ ഇദ്ദേഹത്തെ വസതിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ആംബുലൻസുമായി എത്തിയ ആരോഗ്യപ്രവർത്തകരെ കംഗാരു അടുപ്പിച്ചില്ല. തുടർന്ന് പോലീസ് കംഗാരുവിനെ വെടിവച്ചുകൊന്നശേഷം വയോധികനെ പരിശോധിച്ചപ്പോൾ മരിച്ചതായി കണ്ടെത്തി.
ഓസ്ട്രേലിയയുടെ ദേശീയമൃഗമായ കംഗാരുവിന് രണ്ടു മീറ്റർവരെ ഉയരവും 90 കിലോഗ്രാം ഭാരവും വയ്ക്കും. കംഗാരുവിന്റെ ആക്രമണത്തിൽ പരിക്കേറ്റ സംഭവങ്ങൾ മുന്പുണ്ടായിട്ടുണ്ടെങ്കിലും മരണം ആദ്യമാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു.



