അഹമ്മദാബാദ്: കോണ്‍ഗ്രസ് അവസാനിച്ചെന്നും അവരുടെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തണമെന്നും മാധ്യമപ്രവര്‍ത്തകരോട് അരവിന്ദ് കെജരിവാള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലെത്തിയപ്പോഴാണ് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ കെജരിവാള്‍ ഇങ്ങനെ പറഞ്ഞത്.
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ശമ്പളം നല്‍കുന്നില്ലെന്നും പകരം ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം ഉപയോഗിക്കുന്നുവെന്നും കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണത്തെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
ഗുജറാത്തില്‍ ബിജെപിയുടെ ഭരണം ആഗ്രഹിക്കാത്തവരുണ്ട്. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതും അവര്‍ക്ക് ഇഷ്ടമല്ല. ബിജെപിക്ക് മുഖ്യ എതിരാളി കോണ്‍ഗ്രസല്ല എഎപിയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ എല്ലാ സീറ്റുകളിലും എഎപി മത്സരിക്കുമെന്നും അധികാരത്തിലെത്തിയാല്‍ സേവനങ്ങള്‍ ഡോര്‍-സ്റ്റെപ്പ് ഡെലിവറി ആക്കുമെന്നും, സംസ്ഥാനത്തെ അഴിമതി രഹിതമാക്കുമെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു.



