2019ൽ ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഉപരോധം അവഗണിച്ച് തങ്ങളിൽനിന്ന് എണ്ണ വാങ്ങണമെന്ന് ഇന്ത്യയോട് ഇറാൻ. അമേരിക്ക പ്രഖ്യാപിച്ച ഉപരോധം വകവെക്കാതെ റഷ്യയിൽ നിന്നും എണ്ണ വാങ്ങിയ രീതി തങ്ങളോടും അവലംബിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടതായി ‘ദി പ്രിന്റ്’ റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബർ 15, 16 തീയതികളിൽ ഉസ്ബകിസ്താനിലെ ചരിത്രനഗരമായ സമർകന്ദിൽ നടക്കുന്ന ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഈ വിഷയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഉന്നയിച്ചേ ക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ, പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തുടങ്ങിയവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
2019 ൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഉപരോധമേർപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാനിൽ നിന്നുളള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയത്. ഉപരോധം ഏകപക്ഷീയമായിരുന്നുവെന്നും യു.എൻ ആഹ്വാനപ്രകാരമല്ല എന്നും ഇറാൻ ചുണ്ടിക്കാട്ടി. സ്ഥാനമൊഴിയുന്ന ഇന്ത്യയിലെ ഇറാൻ അംബാസഡർ അലി ഷെഗേനി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി കഴിഞ്ഞ ആഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ ഈ വിഷയം ഉന്നയിച്ചിരുന്നു. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ചൈനയുടെ തൊട്ടുപിന്നിലായിരുന്നു ഇന്ത്യ.
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയ്ക്കെതിരെ യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ എണ്ണ ഇറക്കുമതിക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഇന്ത്യ ഇത് വകവെക്കാതെ ഇറക്കുമതി തുടർന്നു. എന്നുമാത്രമല്ല, അമേരിക്കൻ ഉപരോധത്തിന് ശേഷം ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഇറക്കുമതി 50 മടങ്ങ് വർധിക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രിലിന് ശേഷമുള്ള കണക്കുകളാണിത്. നിലവിൽ ഇന്ത്യ ഏറ്റവും അധികം എണ്ണ വാങ്ങുന്ന 10 രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. ഈ രീതിയിൽ തങ്ങൾക്കെതിരായ അമേരിക്കയുടെ ഏകപക്ഷീയ ഉപരോധം അവഗണിക്കണമെന്നാണ് ഇറാന്റെ ആവശ്യം.



