റഷ്യ ഉൾപ്പെടെ പല രാജ്യങ്ങളിലേയും ജനസംഖ്യ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ പകുതിയാകുമെന്നുമാണ് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതായത് രണ്ടു നൂറ്റാണ്ടിനുള്ളിൽ ആ രാജ്യങ്ങളിലെ ജനതയും അവരുടെ സംസ്കാരവും ഇല്ലാതായേക്കും. പല വികസിത രാജ്യങ്ങളിലേക്കാളും ജനന നിരക്ക് കുറഞ്ഞ കേരളത്തിന്റെ അവസ്ഥയും സമാനമാണ്. ഒരു പക്ഷേ ‘മലയാളി’യും ഈ ലോകത്ത് ഇല്ലാതായേക്കാം.
ലോകത്ത് 800 കോടി മനുഷ്യർ ഉണ്ടെന്നാണ് കണക്ക്. ആയിരക്കണക്കിന് വർഷങ്ങളെടുത്താണ് ലോക ജനസംഖ്യ 100 കോടിയിലെത്തിയത്. എന്നാൽ കഴിഞ്ഞ രണ്ട് നൂറ്റാണ്ടു കൊണ്ട് അത് ഏഴു മടങ്ങ് വർധിച്ചു. കൃഷിയുടെ പ്രചാരം, ആരോഗ്യ രംഗത്തെ കണ്ടുപിടുത്തങ്ങൾ, വ്യാവസായിക വിപ്ലവം എന്നിവയെല്ലാം ജനസംഖ്യാവർധനവിനെ ത്വരിതപ്പെടുത്തിയ ഘടകങ്ങളാണ്. നിർബന്ധിതമാക്കപ്പെട്ട പ്രതിരോധകുത്തിവെപ്പുകളും ശുചിത്വ പ്രചാരണപരിപാടികളുമെല്ലാം കുട്ടികളുടെയും പ്രായമായവരുടെയും മരണനിരക്ക് കുറച്ചതും ജനസംഖ്യാപ്പെരുപ്പത്തിന് കാരണമായി. 2100 ഓടെ ലോക ജനസംഖ്യ 1000 കോടിയോടടുക്കമെന്നാണ് യു.എൻ കണക്ക്. എന്നാൽ ലാൻസെറ്റ് ജേർണലിന്റേതടക്കം മറ്റ് ചില പഠനത്തിൽ പറയുന്നത് 2064 ഓടെ ലോക ജനസംഖ്യ അതിന്റെ മൂർധന്യാവസ്ഥയായ 970 കോടി ആയി 2100 ഓടെ 880 കോടിയായി കുറയുമെന്നാണ്.
ഏഷ്യാ ഭൂഖണ്ഡത്തിലാണ് ലോകത്തിൽ ഏറ്റവും കൂടുതലാളുകൾ അധിവസിക്കുന്നത്. 60 %. 2050-ൽ അമേരിക്കയെ പിന്തള്ളി നൈജീരിയ ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തെത്തും. ആഗോള ജനസംഖ്യാവളർച്ചയുടെ പകുതി ഇന്ത്യയടക്കം ഒമ്പതു രാഷ്ട്രങ്ങളിൽ നിന്നാകും. പാകിസ്താൻ, അമേരിക്ക, കോംഗോ, ഈജിപ്ത്, എത്യോപ്യ, നൈജീരിയ, ഇൻഡൊനീഷ്യ, ടാൻസാനിയ എന്നിവയാണ് ജനസംഖ്യയിൽ മുന്നിലെത്തുന്ന മറ്റുരാജ്യങ്ങൾ.
ലോകത്തിന്റെ ഒരു ഭാഗത്ത് ജനസംഖ്യാ വിസ്ഫോടനം നടക്കുമ്പോൾ മറ്റൊരു ഭാഗത്ത് കാറ്റു പോയ ബലൂണിന്റെ സ്ഥിതിയാണ്. ജനസംഖ്യാ ശോഷണം നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന നിലയിലാണ് പല രാജ്യങ്ങളും. പുതിയ തലമുറ ജനിക്കാത്തത് വംശത്തിന്റേയും സംസ്കാരത്തിന്റേയും മരണ മണിയാണെന്ന യാഥാർഥ്യത്തിലാണ് അവർ ജീവിക്കുന്നത്.
ജനപ്പെരുപ്പം മൂലം ബുദ്ധിമുട്ടുന്ന രാജ്യങ്ങൾക്ക് ഫെർട്ടിലിറ്റി റേറ്റ് കുറയുന്നത് ഒരനുഗ്രഹമാണ്. ഫെർട്ടിലിറ്റി നിരക്ക് ഏറ്റവും കൂടുതലുള്ളത് ആഫ്രിക്കൻ രാജ്യങ്ങളിലാണ്. 1990 കളിൽ അഫ്ഗാനിസ്ഥാനായിരുന്നു ഫെർട്ടിലിറ്റി റേറ്റ് ഏറ്റവും കൂടിയ രാജ്യം (8.0)എന്നാൽ ഇപ്പോൾ ഇത് 4.5 ആയി കുറഞ്ഞിട്ടുണ്ട്. നൈജറാണ് ഇപ്പോൾ ലോകത്ത് മുന്നിൽ 6.8 ആണ് ഇവിടുത്തെ ഫെർട്ടിലിറ്റി നിരക്ക്. തൊട്ടുപിന്നിൽ സൊമാലിയ (6.0), കോംഗോ (5.8), മാലി (5.8), ഛാഡ് (5.6) എന്നിവ തൊട്ടു പിന്നിലുണ്ട്. ടുണീഷ്യയാണ് ആഫ്രിക്കയിൽ ഫെർട്ടിലിറ്റി നിരക്ക് ഏറ്റവും കുറവുള്ള (2.2) രാജ്യം. ഗർഭ നിരോധന മാർഗങ്ങളുടെ അഭാവം അല്ലങ്കിൽ അറിവില്ലായ്മ, ചെറുപ്രായത്തിലുള്ള വിവാഹം, കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്കുള്ള ഉയർന്ന നില എന്നിവയൊക്കെയാണ് ആഫ്രിക്കയിലെ ജനസംഖ്യാ വർധനയ്ക്ക് പിന്നിൽ.
‘വയസ്സാ’ കുന്ന ലോകം
ലാൻസെറ്റ് ജേണലിന്റെ റിപ്പോർട്ട് അനുസരിച്ച് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തെ എല്ലാ രാജ്യങ്ങളിലും ജനസംഖ്യയിൽ കുറവുണ്ടാകും. ഏറ്റവും കുറഞ്ഞത് 23 രാജ്യങ്ങളിലെ ജനസംഖ്യ പകുതിയാകും. പുതിയ തലമുറ ജനിക്കാതാകുന്നതോടെ ജനസംഖ്യയിൽ കൂടുതലും വയോജനങ്ങളായിരിക്കും. അതായത് ഈ രാജ്യങ്ങളെല്ലാം’വൃദ്ധരാകും’. വൈദ്യ ശാസ്ത്രത്തിന്റെ മുന്നേറ്റമുണ്ടായതോടെ ആയുർദൈർഘ്യവും കൂടി. ഇതും വൃദ്ധ ജനസംഖ്യ വർധിക്കാൻ കാരണമാകുന്നുണ്ട്.
യു.എന്നിന്റെ കണക്ക് അനുസരിച്ച് 2050 ൽ ലോകത്ത് ആറിൽ ഒരാൾ 65 വയസിന് മുകളിലുള്ളവരായിരിക്കും. 2019 ൽ ഇത് 11 ൽ ഒന്നായിരുന്നു. 2050ൽ 60 വയസിന് മുകളിലുള്ളവരുടെ എണ്ണം 200 കോടിക്ക് മുകളിൽ വരും. 80 വയസിന് മുകളിലുള്ളവരുടെ എണ്ണം 45 കോടി ആകും. ഇപ്പോൾ തന്നെ 17 രാജ്യങ്ങളിൽ ആകെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വയോജനങ്ങളാണ്. 2100 ആകുമ്പോഴേക്ക് 155 രാജ്യങ്ങളിൽ ഇങ്ങനെയാകുമെന്നാണ് യു.എൻ കണക്ക്.
അതായത് ലോക ജനസംഖ്യയുടെ 61 ശതമാനം പ്രായമായവരായിരിക്കും. വികസിത രാജ്യങ്ങളിൽ ഇത് ഇപ്പോൾ തന്നെ പ്രകടമാണ്. ജപ്പാൻ ജനസംഖ്യയുടെ 30 ശതമാനവും 60 വയസിന് മുകളിലുള്ളവരാണ്. ഇറ്റലിയിൽ ഇത് 23 ശതമാനവും ഫിൻലൻഡ്, പോർച്ചുഗൽ, ഗ്രീസ് എന്നിവിടങ്ങളിൽ 22 ശതമാനവുമാണ്. ദക്ഷിണ യൂറോപ്യൻ രാജ്യങ്ങളെല്ലാം വയോജനങ്ങളുടെ എണ്ണം ജനസംഖ്യയുടെ 21 ശതമാനമാണ്. ചൈനയിൽ 11.9 ശതമാനവും ഇന്ത്യയിൽ 6.1 ശതമാനവും ആണ് 60 വയസിന് മുകളിലുള്ളവർ. യു.എസിൽ ഇത് 16 ശതമാനമാണ്.
യൂറോപ്പിലെ സ്ഥിതി
ലോകത്ത് ഫെർട്ടിലിറ്റി നിരക്ക് ഏറ്റവും കുറവുള്ളത് യൂറോപ്പിലാണ്. മിക്ക യൂറോപ്യൻ രാജ്യങ്ങളും ജനസംഖ്യാ പ്രതിസന്ധി നേരിടുന്നുണ്ട്. 2021-ലെ 418 മില്ല്യൺ എന്ന ജനസംഖ്യ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 362 മില്ല്യൺ ആകുമെന്നാണ് കണക്ക്. ജനസംഖ്യാ ശോഷണം പല രാജ്യങ്ങളുടേയും നിലനിൽപ് തന്നെ ചോദ്യം ചെയ്യുന്നതാണ്. യൂറോപ്പിൽ മുസ്ലീം ഭൂരിപക്ഷ രാജ്യമായ കൊസവോയിൽ മാത്രമാണ് ഫെർട്ടിലിറ്റി റേറ്റ് റീപ്ലേസ്മെന്റ് ലെവലിനും മുകളിലുള്ളത്. 2.3 ആണ് ഇവിടുത്തെ ഫെർട്ടിലിറ്റി റേറ്റ്.
കൊസവോ കഴിഞ്ഞാൽ ഫ്രാൻസാണ് ഫെർട്ടിലിറ്റി റേറ്റ് (1.9) അൽപമെങ്കിലും മെച്ചപ്പെട്ട മറ്റൊരു രാജ്യം. വലിയ കുടുംബങ്ങൾക്ക് ധാരാളം ആനുകൂല്യങ്ങൾ ഫ്രഞ്ച് സർക്കാർ നൽകി വരുന്നുണ്ട്. രണ്ടോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങൾക്ക് മാസം തോറും 131 യൂറോ, മറ്റ് ഗ്രാന്റുകൾ എന്നിവ നൽകുന്നുണ്ട്. ഓരോ കുട്ടിയും ജനിക്കുമ്പോൾ കുടുംബത്തിന് 944 യൂറോയും ലഭിക്കും.
ഇറ്റലിയാണ് ആശങ്കയിലുള്ള മറ്റൊരു രാജ്യം. 1.3 ആണ് ഇവിടുത്തെ ഫെർട്ടിലിറ്റി നിരക്ക്. ഇറ്റലിയിൽ ഒരു സ്ത്രീ ആദ്യം അമ്മയാകുന്ന കുറഞ്ഞ പ്രായം 31 ആണ്. ജനനനിരക്കുയർത്താൻ നിരവധി മാർഗങ്ങൾ സർക്കാരുകൾ പരീക്ഷിക്കുന്നുണ്ട്. ഓരോ കുട്ടി ജനിക്കുമ്പോഴും ദമ്പതിമാർക്ക് 800 യൂറോ നൽകുന്ന പദ്ധതി 2015 ൽ ഇറ്റലി നടപ്പിലാക്കിയിരുന്നു. എന്നാൽ ഇതു കൊണ്ട് യാതൊരു ഫലവുമുണ്ടായില്ല. യൂറോപ്പിൽ ഏറ്റവും കൂടിയ പ്രായമാണിത്. ഫെർട്ടിലിറ്റി നിരക്ക് കുറവുള്ള മറ്റൊരു യൂറോപ്യൻ രാജ്യം നോർവെ ആണ്. 1.5 ആണ് ഇവിടുത്തെ നിരക്ക്.
ഫ്രാൻസ് പോലെ 1.9 ജനനിരക്കുള്ള മറ്റൊരു രാജ്യമാണ് സ്വീഡൻ. ഓരോ കുട്ടിക്കും മാസം 167 ഡോളർ വീതം സ്വീഡൻ നൽകുന്നുണ്ട്. കുട്ടിക്ക് 11 ഉം 15 ഉം വയസാകുമ്പോൾ ഈ തുക കൂടുും. ദമ്പതിമാർക്ക് 480 ദിവസത്തെ പെയിഡ് പേരന്റൽ അവധിയും സ്വീഡൻ നൽകുന്നുണ്ട്.
യൂറോപ്പിലെ മൂന്നിൽ രണ്ട് രാജ്യങ്ങളും ജനസംഖ്യ ഉയർത്താനുള്ള നടപടികളിലാണ്. ബേബി ബോണസ്. ടാക്സ് ഇൻസന്റീവ്, പെയ്ഡ് പേരന്റൽ ലീവ് തുടങ്ങി നിരവധി മാർഗങ്ങളാണ് ഇതിന് അവലംബിക്കുന്നത്. സ്പെയിൻ, ഇറ്റലി, ഗ്രീസ്, മാൾട്ട എന്നീ രാജ്യങ്ങൾ റഷ്യയേക്കാളും ജനനനിരക്ക് കുറഞ്ഞ രാജ്യങ്ങളാണ്.
കുട്ടികളില്ലാത്ത ദമ്പതിമാർക്ക് സൗജന്യ വന്ധ്യതാ ചികിത്സ, മൂന്നിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് നികുതി ഇളവ് എന്നിവ ഹംഗറി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് വിട്ടുപോയ താജിക്കിസ്താൻ 1996 ലാണ് അമ്മ നായിക പദ്ധതി നിർത്തലാക്കിയത്. യുക്രൈൻ ഇത് നിർത്തലാക്കിയെങ്കിലും 2001 ൽ പുനഃസ്ഥാപിച്ചു. കസാഖിസ്ഥാൻ പദ്ധതി നിർത്തലാക്കിയില്ലങ്കിലും പേര് മാറ്റിയിട്ടുണ്ട്. 10 മക്കളുള്ളവർക്ക് സ്വർണ പെൻഡന്റും എട്ടും ഒമ്പതും മക്കളുള്ളവർക്ക് വെള്ളി പെൻഡന്റുമാണ് കസാഖിസ്ഥാൻ സമ്മാനമായി നൽകുന്നത്. മക്കൾക്ക് 21 വയസാകുന്നതുവരെ അമ്മാർക്ക് സർക്കാരിൽ നിന്ന് പ്രത്യേക അലവൻസും ലഭിക്കും.
ഫെർട്ടിലിറ്റി നിരക്ക് കുറവായ യു.കെയിൽ 44 ശതമാനം ആളുകളും പെൻഷൻ പ്രായമായ 66 വയസ് കഴിഞ്ഞവരാണ്. പെൻഷനാണ് ഇവരുടെ പ്രധാന വരുമാന മാർഗം. അടുത്തിടെ പണപ്പെരുപ്പം വർധിച്ചതോടെ ഇവരുടെ ജീവിതം ദുരിതത്തിലായെന്നാണ് റിപ്പോർട്ട്. ഊർജ പ്രതിസന്ധിമൂലം വൈദ്യുതി ചാർജ് വൻ തോതിൽ വർധിപ്പിച്ചു. ഇതോടെ പെൻഷൻ തുകയിൽ നിന്ന് നല്ലൊരു സംഖ്യ വൈദ്യുത നിരക്കായി നൽകണ്ട അവസ്ഥയിലായി. ഭക്ഷണത്തിന് പോലും പലർക്കും പണം തികയുന്നില്ല. ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും പെൻഷൻ പ്രായം കഴിഞ്ഞതിന്റെ പേരിൽ ആരും ജോലി നൽകുന്നില്ലന്നാണ് പലരും പറയുന്നത്.
2021 ൽ യുകെയിൽ 10,000 വയോജനങ്ങൾ തണുപ്പ് മൂലം മാത്രം മരിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തൊഴിലാളി ക്ഷാമം മൂലം ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ചികിത്സാ സൗകര്യങ്ങൾ ലഭിക്കുന്നതിൽ കാലതാമസവുമുണ്ടാകുന്നു. അടുത്തിടെ പോർച്ചുഗലിൽ ആവശ്യത്തിന് ചികിത്സാ സഹായം ലഭിക്കാതെ ഇന്ത്യക്കാരിയായ ഗർഭിണി മരിച്ച സംഭവം ഇതിനുദാഹരണമാണ്. ജീവനക്കാരില്ലാത്തതിനാൽ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റിയതാണ് ഇതിന് കാരണം. കോവിഡ് കാലത്തും വികസിത രാജ്യങ്ങളിലെല്ലാം ഇതായിരുന്നു അവസ്ഥ.
എങ്ങനെ മറികടക്കാം
ഫെർട്ടിലിറ്റി നിരക്ക് 2.0 ആണെങ്കിൽ ലോക ജനസംഖ്യ ഇപ്പോളുള്ള നിലയിൽ തന്നെ തുടരും. അതായത് ഒരു ദമ്പതിമാർക്ക് കുറഞ്ഞത് രണ്ട് കുട്ടികൾ വേണം. പക്ഷേ വികസ്വര രാജ്യങ്ങളിൽ ഇത് 2.1 വേണമെന്നാണ് വിദഗ്ധർ പറയുന്നത്. ജനിക്കുന്ന എല്ലാ കുട്ടികളും ജീവിക്കണമെന്നില്ലന്നതും ആൺകുട്ടികൾ കൂടുതൽ ജനിക്കാൻ സാധ്യതയുണ്ടന്നതുമാണ് ഇതിന് കാരണമായി പറയുന്നത്.
ജനസംഖ്യാ ശോഷണം അനുഭവപ്പെടുന്ന രാജ്യങ്ങളെല്ലാം കുടിയേറ്റത്തിലൂടെയാണ് നിലവിൽ ഇതിനെ മറികടക്കാൻ ശ്രമിക്കുന്നത്. ജനന നിരക്ക് കൂട്ടാൻ കൂടുതൽ കുട്ടികളുണ്ടാകുന്നവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന രാജ്യങ്ങളുമുണ്ട്. ശമ്പളത്തോടെയുള്ള അവധി, കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ, പണം, നികുതി ഇളവ് തുടങ്ങി നിരവധി ആനുകൂല്യങ്ങൾ നിരവധി രാജ്യങ്ങൾ ചെയ്യുന്നുണ്ട്. ചില രാജ്യങ്ങൾ ഒരു പരിധി വരെ വിജയിച്ചിട്ടുമുണ്ട്. എന്നാൽ ജനങ്ങൾ ഇതിനൊടെല്ലാം വിമുഖത പ്രകടിപ്പിക്കുകയാണ്. ഇതിനൊരു പരിഹാരം കണ്ടെത്തിയില്ലങ്കിൽ ഏതാനും നൂറ്റാണ്ടുകൾക്കുള്ളിൽ മനുഷ്യ കുലം അപ്രത്യക്ഷമായേക്കാമെന്നാണ് അമേരിക്കൻ ആരോഗ്യ സാമ്പത്തിക വിദഗ്ധനും ആരോഗ്യ ഗവേഷകനുമായി പ്രൊഫ. ക്രിസ്റ്റഫർ മറെ പറയുന്നത്.
ഈ പറയുന്ന കണക്കുകൾ ഭാഗികമായി ശരിയാണെങ്കിൽ പോലും അത് കനത്ത ആഘാതമുണ്ടാക്കുമെന്നും കുടിയേറ്റം മാത്രമാണ് അതിന് പരിഹാരമെന്നുമാണ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ പ്രൊഫ. ഇബ്രാഹിം അബൂബക്കർ പറയുന്നത്. അത് വിജയകരമാകണമെങ്കിൽ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെ ആ രീതിയിൽ മാറ്റേണ്ടതുണ്ടെന്നും ലോകരാജ്യങ്ങൾ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ രൂപവത്കരിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
യൂറോപ്യൻ രാജ്യങ്ങളും യു.എസ്.എയും കാനഡയും ഓസ്ട്രേലിയയുമെല്ലാം കുടിയേറ്റത്തിലൂടെ പിടിച്ച് നിൽക്കാനുള്ള ശ്രമമാണ്. കുടിയേറ്റത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കാതിരുന്ന ജപ്പാൻ പോലും ഇപ്പോൾ നയം മാറ്റിത്തുടങ്ങി. ജനസംഖ്യയിലെ ചെറുപ്പക്കാരുടെ എണ്ണം കുറയുകയും വയോജനങ്ങൾ കൂടുകയും ചെയ്തതോടെ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്ത സാഹചര്യമാണ് മിക്ക വികസിത രാജ്യങ്ങളിലും. അതു കൊണ്ടാണ് അവർ തൊഴിലാളികളുടെ കുടിയേറ്റം വൻ തോതിൽ പ്രോത്സാഹിപ്പിക്കുന്നത്. വയോജനങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട ആരോഗ്യ രംഗത്തേക്കാണ് ഈ കുടിയേറ്റം കൂടുതലായി നടക്കുന്നത്.
1000 പേർക്ക് രണ്ട് കുടിയേറ്റക്കാർ എന്ന നിലയിലാണ് നിലവിൽ യൂറോപ്പിലെ കുടിയേറ്റ നയം. 1990 മുതൽ 2000 വരെ യൂറോപ്പിൽ രണ്ടരക്കോടി ആളുകൾ കുടിയേറി. 43 ശതമാനം യൂറോപ്പിൽ തന്നെ ജനിച്ചവർ, 22 ശതമാനം ഏഷ്യക്കാർ, 14 ശതമാനം ലാറ്റിൻ അമേരിക്ക, കരീബിയൻ വംശജർ എന്നിങ്ങെയാണ് കണക്ക്. ആഫ്രിക്കയിലെ ജനപ്പെരപ്പവും മിഡിൽ ഈസ്റ്റിലെ ആഭ്യന്തര പ്രശ്നങ്ങളും യൂറോപ്പിലേക്കുള്ള കുടിയേറ്റം കൂട്ടിയിട്ടുണ്ട്. തൊഴിലാളി ക്ഷാമം പരിഹരിക്കാനായി കാനഡയും ഓസ്ട്രേലിയയും നയം മാറ്റിയതും അടുത്തിടയാണ്. ഈവർഷം 1,95,000 സ്ഥിരതാമസ വിസകൾ അനുവദിക്കുമെന്നാണ് ഓസ്ട്രലിയ അറിയിച്ചിരിക്കുന്നത്. ഇതുവരെ 35,000 ആയിരുന്നിടത്താണ് അത്. കാനഡ ഈ വർഷം നാലു ലക്ഷത്തോളം സ്ഥിര താമസ വിസകൾ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളെല്ലാം ആതുരശുശ്രൂഷാ മേഖലയിലെ തൊഴിലാളികളുടെ കുടിയേറ്റം പ്രോത്സാഹപ്പിക്കുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. വർധിച്ചു വരുന്ന വയോജന ജനസംഖ്യയെക്കരുതിയാണ് ഇത്.
എന്നാൽ ഇത്തരത്തിലുള്ള കുടിയേറ്റവും ചില പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. വംശീയാക്രമണങ്ങളും സംഘർഷവും ഉണ്ടാകാൻ ഇവ കാരണമാകും. തികച്ചും വിഭിന്നമായ ഒരു സംസ്കാരത്തിൽ നിന്ന് കുടിയേറുന്നവർ സംഘടിതരാകുമ്പോൾ തങ്ങളുടെ സംസ്കാരവും ശീലങ്ങളും കുടിയേറ്റ പ്രദേശത്തും കൊണ്ടു വരാൻ ശ്രമിക്കും. ഇത് ഒരു എത്നിക് കോൺഫ്ളിക്ടിന് തന്നെ കാരണമായേക്കാം. മറ്റു വർഗക്കാരുടെ കൂട്ടത്തോടെയുള്ള കുടിയേറ്റം തദ്ദേശീയരെ ആശങ്കയിലാക്കും. പലയിടത്തും നടക്കുന്ന വംശീയ ആക്രമണങ്ങൾ ഇതിന്റെ പ്രതിഫലനങ്ങളാണ്.
ഇന്ത്യയും ജനസംഖ്യയും
ലഭ്യമായ കണക്കുകൾ പ്രകാരം 1,368,737,513 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ഉത്തർപ്രദേശാണ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം. 2027-ൽ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് പറയുന്നതെങ്കിലും 209-21 ലെ ദേശീയ ആരോഗ്യ സർവെ പ്രകാരം ഇന്ത്യയിലെ ടോട്ടൽ ഫെർട്ടിലിറ്റി നിരക്ക് റീപ്ലേസ്മന്റ് നിരക്കിനും താഴെ(2.0)യായിട്ടുണ്ടെന്നതാണ് വസ്തുത. 1992 ലെ ഒന്നാം സർവേയിൽ ഇന്ത്യയിലെ നിരക്ക് 3.4 ആയിരുന്നു. 20 വർഷത്തിനുള്ളിലാണ് ഇത് റീപ്ലേസ്മെന്റ് നിരക്കിനും താഴെയെത്തിയത്. ഇന്ത്യയിൽ സിക്കിം (1.1) ആണ് ടോട്ടൽ ഫെർട്ടിലിറ്റി നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം. കേരളവും തെലങ്കാനയും (1.8) ത്രിപുര (1.7)യുമാണ് തൊട്ടടുത്ത്. ബിഹാർ (3), ഉത്തർ പ്രദേശ് (2.4) , ജാർഖണ്ഡ് (2.3) എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് ഈ നിരക്ക് റീപ്ലേസ്മെന്റ് നിരക്കിനേക്കാൾ ഉയർന്ന നിലയിലുള്ളത്. ഈ സംസ്ഥാനങ്ങളിലും ഇത് വർഷം തോറുംകുറയുന്നതായാണ് സർവേയിൽ കാണുന്നത്.
ദേശീയ തലത്തിൽ ഒരു കുടുംബാസൂത്രണ പരിപാടിയുള്ള രാജ്യമാണ് ഇന്ത്യ. ഇഷ്ടമുള്ള കുടുംബാസൂത്രണ മാർഗം തിരഞ്ഞെടുക്കാനുള്ള അവകാശവും ഇന്ത്യയിൽ സ്ത്രീകൾക്കുണ്ട്. വികസിത രാജ്യങ്ങളിൽ 20-ാം നൂറ്റാണ്ടിന്റെ പകുതിമുതൽ കണ്ടുതുടങ്ങിയ ജനനനിരക്കിന്റെ കുറവ് കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ ഇന്നുണ്ടങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ ഇതല്ല സ്ഥിതി. അതു കൊണ്ടുതന്നെ ജനസംഖ്യ നിന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. പല പാർലമെന്റ് അംഗങ്ങളും നിരവധി തവണ ഇതിനായി സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവയൊന്നും പാർലമെന്റിന്റെ കടമ്പ കടന്നിട്ടില്ല. നിർബന്ധിത കുടുംബാസൂത്രണത്തെ എതിർക്കുന്നുവെന്നും എത്ര മക്കൾ വേണമെന്ന് തീരുമാനിക്കേണ്ടത് വ്യക്തികളാണെന്നുമാണ് 2020 ൽ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ എടുത്ത നിലപാട്. അസം, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ പുതിയ ജനസംഖ്യാ നയം പ്രഖ്യാപിച്ചിട്ടുണ്ട്. ജനസംഖ്യാ നിയന്ത്രണം നടത്തുന്ന ദമ്പതിമാർക്ക് പ്രോത്സാഹനം നൽകുന്ന നയം കഴിഞ്ഞ വർഷമാണ് യുപി സർക്കാർ പ്രഖ്യാപിച്ചത്.
കേരളം എവിടെ
‘നാം ഒന്ന് നമുക്ക് ഒന്ന്’ എന്ന ആശയം പ്രാവർത്തികമാക്കുന്ന തരത്തിലാണ് കേരളത്തിലെ സ്ഥിതി. പുതിയ ദേശീയ ആരോഗ്യ സർവെ പ്രകാരം കേരളത്തിന്റെ ടോട്ടൽ ഫെർട്ടിലിറ്റി നിരക്ക് 1.8 ആണ്. 1992-93 ൽ നടത്തിയ ആദ്യ സർവേയിൽ ഇത് 2.0 ആയിരുന്നു. ഇന്നത്തെ മലയാളി കുടുംബങ്ങളിൽ ശരാശരി രണ്ടു കുട്ടികൾ തികച്ചില്ലെന്നതാണ് വസ്തുത. ഒരുകുഞ്ഞ് മാത്രമുള്ള ധാരാളം കുടുംബങ്ങൾ ഇന്ന് കേരളത്തിലുണ്ട്. കുട്ടികൾ വേണ്ട എന്നു കരുതുന്നവരുടെ എണ്ണവും കൂടുകയാണ്.
ഇക്കണക്കിന് മുന്നോട്ട് പോകുകയാണങ്കിൽ കേരളത്തിൽ മലയാളി ഇല്ലാതാകുന്ന കാലം വരുമോ എന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്. ഒരു ജനാധിപത്യ സംവിധാനത്തിൽ ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല നിർണയത്തിലും ഇത് സ്വാധീനം ചെലുത്തും. അതായത് ഭരണ സംവിധാനത്തിലും നമ്മുടെ (മലയാളികളുടെ) പ്രാതിനിധ്യം കുറയാൻ ഇത് കാരണമാകുമെന്നർഥം. ജനന നിരക്കിലുണ്ടായ മാറ്റം മൂലമാണ് വികസിതരാജ്യങ്ങളിൽ വയോജനങ്ങളുടെ എണ്ണം കൂടുകയും ചെറുപ്പക്കാരുടെ എണ്ണം കുറയുകയും ചെയ്തത്. അതു തന്നെയാണ് കേരളത്തിലും സംഭവിക്കുന്നത്. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള കുടിയേറ്റവും കേരളത്തിലെ ചെറുപ്പക്കാർക്ക് വലിയ ആകർഷണമാണ്. അതു കൊണ്ടു തന്നെ കേരളത്തിലെ അവിദഗ്ധ തൊഴിൽ മേഖലിയിൽ വലിയ തൊഴിലാളി ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. അതിനായി അന്യ സംസ്ഥാനങ്ങളെയാണ് കേരളം ഇന്ന് ആശ്രയിക്കുന്നത്. ജോലിക്കാർക്കായി കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലും.
2001 ലെ കണക്ക് പ്രകാരം സംസ്ഥാന ജനസംഖ്യയിൽ വയോജനങ്ങളുടെ എണ്ണം 9.79 ശതമാനം ആയിരുന്നു. 2011 ൽ അത് 12.83 ഉും 2021 ൽ അത് 15.63 ശതമാനവുമായി. 2026 ആകുമ്പോഴേക്ക് ജനസംഖ്യയിൽ 20 ശതമാനം പേർ 60 വയസ്സ് കഴിഞ്ഞവരായിരിക്കും. നിലവിൽ കേരളത്തിലെ ഏകദേശം 45 ലക്ഷം ആളുകൾ 60 വയസ്സിനു മുകളിലാണുള്ളത്. ഇതിൽ കൂടുതലും സ്ത്രീകളാണ്. അവരിൽ ഭൂരിഭാഗവും വിധവകളുമാണ്. മുതിർന്ന പൗരന്മാരുടെ എണ്ണം വർധിക്കുന്നതോടെ അവർ ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരവസ്ഥയിലേക്ക് പോയേക്കാം. പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ് വയോജനങ്ങൾ.



