പാലക്കാട്: കനത്ത മഴയിൽ വീടിന്റെ ചുമർ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. പാലക്കാട് കോങ്ങാടിനടുത്ത കുണ്ടുവംപാടത്താണ് സംഭവം. കോങ്ങാട് കുന്നത്തു വീട്ടിൽ മല്ലിക (40) യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
മല്ലികയുടെ ഭർത്താവ് വിനോദ് കുമാറിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് തിരിച്ചയച്ചു. ഇപ്പോൾ താമസിക്കുന്ന വീടിന്റെ ഒരു ഭാഗം പൊളിച്ച് പുതിയ വീട് പണിതു കൊണ്ടിരിക്കുകയായിരുന്നു. പഴയ വീടിന്റെ ബാക്കിയുള്ള രണ്ട് മുറികളിലാണ് മല്ലികയും കുടുംബവും താമസിച്ചിരുന്നത്.
കനത്ത മഴയിൽ മല്ലിക കിടന്നിരുന്ന മുറിയുടെ ചുമർ പൂർണമായും ഇടിഞ്ഞുവീഴുകയായിരുന്നു. മക്കൾ അടുത്ത മുറിയിലായിരുന്നതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.



