അമരാവതി: ഓണ്‍ലൈന്‍ വായ്പാ ആപ് കമ്പനിയുടെ ഭീഷണിയും അപമാനിക്കലും താങ്ങാനാവാതെ ദമ്പതികള്‍ ജീവനൊടുക്കി. കൊല്ലി ദുര്‍ഗ റാവു, ഭാര്യ രമ്യ ലക്ഷ്മി എന്നിവരാണ് മരിച്ചത്. നാലു വയസ്സുകാരി നാഗ സായിയും രണ്ടു വയസ്സുകാരി ലിഖിത ശ്രീയും മക്കളാണ്.
രാജമഹേന്ദ്രവരത്തെ ശാന്തി നഗറിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഓണ്‍ലൈന്‍ ആപിലൂടെ 30,000 രൂപയാണ് ഇവര്‍ കടമെടുത്തത്. രണ്ടു മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. ഗഡുക്കളായി 10,000ത്തോളം രൂപ തിരിച്ചടച്ചിരുന്നു. എന്നാല്‍, പലിശ ഉയര്‍ന്ന് കൂടുതല്‍ തുക അടക്കാന്‍ ലോണ്‍ കമ്പനി ആവശ്യപ്പെട്ടിരുന്നു.
ഇതിന് വിസമ്മതിച്ചതോടെ ഭാര്യ രമ്യയുടെയും മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം ദുര്‍ഗ റാവുവിന്റെ ഫോണിലെ കോണ്‍ഡാക്ട് ലിസ്റ്റിലുണ്ടായിരുന്നവരുടെ വാട്സ്ആപ് നമ്പറിലേക്കെല്ലാം മോര്‍ഫ് ചെയ്ത ചിത്രങ്ങളെത്തി. ഇതില്‍ ഏറെ ദുഃഖത്തിലായിരുന്നു കുടുംബം. ഇതിനുപിന്നാലെയാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ വിശദ അന്വേഷണത്തിന് ആന്ധ്രാ സര്‍ക്കാര്‍ നിര്‍ദേശം നല്കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി അറിയിച്ചിട്ടുണ്ട്.



