ആലപ്പുഴ: പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥി ആദിത്യന്റെ (18) മൃതദേഹമാണ് കണ്ടെടുത്തത്. പള്ളിയോടം മറിഞ്ഞതിന്റെ 50 മീറ്റര്‍ മാറിയാണ് ആദിത്യന്റെ മൃതദേഹം സ്‌കൂബ സംഘവും നാട്ടുകാരും ചേര്‍ന്ന് കണ്ടെടുത്തത്. മറ്റ് മൂന്നുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകനാണ് മരിച്ച ആദിത്യന്‍.
ആറന്മുള ഉതൃട്ടാതി വള്ളംകളിക്കായി പുറപ്പെട്ട ചെന്നിത്തല പള്ളിയോടമാണ് അച്ചന്‍കോവിലാറ്റിലെ ചെന്നിത്തല വലിയ പെരുമ്പുഴക്കടവിനു സമീപം മറിഞ്ഞത്. രാവിലെ 8.30 ന് ആദ്യ ആചാര വെടി മുഴങ്ങിയപ്പോള്‍ പുറപ്പാടിന് മുന്‍പ് നദിയില്‍ പ്രദക്ഷിണം വയ്ക്കുകയായിരുന്നു പള്ളിയോടം. പ്രദക്ഷിണ സമയത്ത് തുഴച്ചില്‍കാരല്ലാത്തവരും വഴിപാടായി വള്ളത്തില്‍ കയറുന്നത് പതിവാണ്. ഇങ്ങനെ വള്ളത്തില്‍ കയറിയതാണ് ആദിത്യന്‍.
പള്ളിയോടത്തില്‍ കുട്ടികളടക്കം ആളുകളുടെ എണ്ണം കൂടുതലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുകയാണ്. അപകടസ്ഥലത്തെ അടിയൊഴുക്കായിരിക്കാം അപകടകാരണമെന്ന് സംശയിക്കുന്നു. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. നാട്ടുകാരും സ്‌കൂബാ ടീമും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.



