താനൊരു ഫീനിക്സ് പക്ഷിയാണെന്നാണ് നിഖിത (ദേവു–26) എപ്പോഴും അമ്മ ഉഷയോടും ചേച്ചിയോടും പറയാറുള്ളത്. അതുകൊണ്ടാകാം, അമ്മ ഉഷയ്ക്ക് ഇപ്പോഴും മകൾ മരിച്ചത് ഉൾക്കൊള്ളാനാകുന്നില്ല. മകൾ വരുമെന്നു പറഞ്ഞ് ഇപ്പോഴും കാത്തിരിക്കുകയാണ് അവർ. ചാരത്തിൽ നിന്നു പോലും ഉയിർത്തെഴുന്നേൽക്കാൻ പോന്ന ധൈര്യമുണ്ടായിരുന്നു അവൾക്കെന്നു പറഞ്ഞാണ് ചേച്ചി നീതു സംസാരിച്ചു തുടങ്ങിയത്.
‘ഒരു പ്രതിസന്ധിയിലും അവൾ വീണില്ല. വീട്ടുകാരുടെ കടം തീർക്കാന് നല്ല ജോലി വേണമെന്ന വാശിയായിരുന്നു അവൾക്ക്. ഞങ്ങളെ രണ്ടു പേരെയും വിവാഹം ചെയ്തുകൊടുത്തതിൽ 25 ലക്ഷം രൂപ കടമുണ്ട്. അതുകൊണ്ട് വിദേശത്ത് നല്ല ജോലി നോക്കണമെന്ന് അവൾ പറയുമായിരുന്നു. അതിനായുള്ള ശ്രമത്തിലായിരുന്നു ഇക്കഴിഞ്ഞ നാളുകൾ മുഴുവൻ. 2020ൽ ആയിരുന്നു നിഖിതയുടെ ആദ്യ വിവാഹം. ഒരു മാസം പോലും തികയും മുൻപ് വിവാഹമോചിതയായി.
അത് ഏൽപിച്ച മാനസികാഘാതത്തിൽ നിന്ന് അവളൊറ്റയ്ക്കാണ് കരകയറിയത്. എപ്പോഴും പറയുമായിരുന്നു ഇതിലൊന്നും ഞാൻ വീഴില്ല, എന്റെ സ്വപ്നങ്ങൾ വേണ്ടെന്നു വയ്ക്കില്ല എന്നൊക്കെ. ആദ്യ വിവാഹത്തിന്റെ ദുരനുഭവം ആവർത്തിക്കാതിരിക്കാൻ രണ്ടാം വിവാഹത്തിനു മുൻപേ തന്നെ അയാളോടും വീട്ടുകാരോടും അവൾ സംസാരിച്ചിരുന്നു. അവർ പൂർണ സമ്മതം നൽകിയിട്ടാണ് വിവാഹം നടത്തിയത്. എന്നിട്ടും അവളെ അയാൾ ഇല്ലാതാക്കി’, നീതു പറഞ്ഞു.
കലവൂർ കെഎസ്ഡിപിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുമ്പോഴായിരുന്നു ഷാർജയിൽ മെക്കാനിക്കായ അനീഷുമായുള്ള വിവാഹം. അനീഷിന് ജാതകത്തിൽ ചെറിയ പ്രശ്നമുള്ളതുകൊണ്ടാണ് വിവാഹം കഴിക്കാൻ താമസിച്ചതെന്നായിരുന്നു വീട്ടുകാർ അറിയിച്ചിരുന്നത്. മാനസിക പ്രശ്നങ്ങളൊന്നും അന്ന് വീട്ടുകാർ പറഞ്ഞിരുന്നില്ല. അന്വേഷിച്ചപ്പോഴും അങ്ങനെയൊന്നും കണ്ടെത്തിയുമില്ല. ഇവർ തമ്മിൽ പ്രശ്നമുണ്ടായെന്നു പറഞ്ഞ് സംഭവത്തിനു കുറച്ചു ദിവസം മുൻപ് പൊലീസിനെ അയാളുടെ വീട്ടുകാർ വിളിച്ചുവരുത്തിയിരുന്നു.
നിഖിതയുടെ മരണശേഷം മാത്രമാണ് വീട്ടുകാർ ഇതിനെക്കുറിച്ചറിയുന്നത്. ‘ഇപ്പോൾ പറയുന്നു അയാൾക്കു മാനസിക പ്രശ്നമാണെന്ന്. അങ്ങനെയൊരാൾ ഇതുപോലെ അവളെ ഉപദ്രവിക്കുമോ? അയാൾ അവളെ ഉപദ്രവിക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ കൂട്ടിക്കൊണ്ടു വരുമായിരുന്നു. ആ ദിവസങ്ങളിൽ അവൾ ഫോണിൽ സംസാരിക്കുന്ന സമയം കുറഞ്ഞിരുന്നു. തിരക്കാണെന്നാണു പറയാറുള്ളത്. ഞങ്ങളതു വിശ്വസിച്ചു. ഒരുപക്ഷേ, സ്വതന്ത്രമായി സംസാരിക്കാൻ പോലും അയാൾ സമ്മതിച്ചിട്ടുണ്ടാകില്ല.
എല്ലാം ഉള്ളിലൊതുക്കുന്ന സ്വഭാവക്കാരിയായിരുന്നു അവൾ. പക്ഷേ, ഇത്തരം അതിക്രമങ്ങൾ സഹിക്കുന്ന കൂട്ടത്തിലല്ല. അങ്ങനെയായിരുന്നെങ്കിൽ ആദ്യ വിവാഹത്തിൽ നിന്ന് അവൾ പിന്മാറില്ലായിരുന്നു’. കേസുമായി മുന്നോട്ടു പോകാൻ തന്നെയാണു വീട്ടുകാരുടെ തീരുമാനം. അനീഷിനു മാനസിക പ്രശ്നമുണ്ടെന്നുള്ള വാദം പറഞ്ഞ് ശിക്ഷയിൽ ഇളവു കിട്ടാനാണ് അവർ നോക്കുന്നത്. അതു സമ്മതിക്കില്ലെന്നും നീതു പറഞ്ഞു. കിടങ്ങാംപറമ്പ് പുത്തൻപറമ്പിൽ ദാമുകമല നിവാസിൽ കുട്ടപ്പനാണ് നിഖിതയുടെ പിതാവ്.



